സമ്പത്തിന് പുതിയ പദവി നൽകി സി പി എം; മന്ത്രി കെ രാധാകൃഷ്‌ണൻറെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: മുൻ എംപി എ സമ്പത്തിന് വീണ്ടും പദവി നൽകി സിപിഎം. മുതിർന്ന് പാർട്ടി നേതാവായ അദ്ദേഹത്തെ മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ തോറ്റ ശേഷവും പിണറായി സർക്കാർ ക്യാബിനറ്റ് റാങ്കോടെ ഡെൽഹി കേരള ഹൗസിൽ നിയമിച്ച എസമ്പത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് സ്ഥാനം രാജിവച്ചത്.

കേരളഹൗസിലെ ഇദ്ദേഹത്തിന്റെ നിയമനവും പ്രവർത്തനങ്ങളും ഏറെ വിവാദമായിരുന്നു. കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് പദവിയോടെ ഡെൽഹി കേരള ഹൗസിൽ 2019 ഓഗസ്റ്റിൽ ചുമതലയേറ്റെടുത്ത സമ്പത്ത് ഒന്നര വർഷം കൊണ്ട കൈപ്പറ്റിയ ശമ്പളം 20 ലക്ഷത്തിലധികമാണെന്ന് കണക്കുകളും പുറത്തുവന്നു.

2019 ഓഗസ്റ്റ് 13നായിരുന്നു സമ്പത്ത് ചുമതലയേറ്റത്. കൊറോണ വ്യാപന സമയത്ത് ഡെൽഹി മലയാളികളെ സഹായിക്കാതെ അദ്ദേഹം കേരളത്തിലേക്ക് മുങ്ങിയിരുന്നു. ലോക്ക്ഡൗണിന്റെ ഭാഗമായി വിമാന, റെയിൽ സർവീസുകൾ നിർത്തിവച്ചതോടെ നാട്ടിൽ കുടുങ്ങിപ്പോയതാണെന്നായിരുന്നു അന്ന് നൽകിയ വിശദീകരണം. എന്നാൽ ആഭ്യന്തര വിമാന സർവീസുകളും ട്രെയിൻ സർവീസുകളും ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സമ്പത്ത് വീട്ടിൽ തന്നെയായിരുന്നു.

ലോക്ക് ഡൗണിനിടെ അഞ്ചുമാസം വീട്ടിലിരുന്ന് പ്രത്യേക അലവൻസ് സഹിതമാണ് സമ്പത്ത് ശമ്പളം കൈപ്പറ്റിയത്. എൻ എസ് യു നേതാവ് വിനീത് തോമസ് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുളള മറുപടിയിലാണ് കേരളഹൗസിലെ പബ്ലിക്ക് റിലേഷൻ ഓഫീസർ ഇക്കാര്യം വ്യക്തമാക്കുന്നത്.