വിവാദ മരംമുറി കേസ്: വിവരാവകാശ പ്രകാരം ഫയലുകൾ നൽകിയ ഉദ്യോഗസ്ഥയുടെ ഗുഡ് സർവ്വീസ് എൻട്രി പിൻവലിച്ചു

തിരുവനന്തപുരം: വിവാദമായ മരംമുറിയുടെ ഫയലുകൾ വിവരാവകാശ നിയമ പ്രകാരം നൽകിയ ഉദ്യോഗസ്ഥയുടെ ഗുഡ് സർവ്വീസ് എൻട്രി പിൻവലിച്ചു. റവന്യുവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടേതാണ് നടപടി. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം അവധിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അണ്ടർ സെക്രട്ടറി ഒജി ശാലിനിക്കെതിരായ കൂടുതൽ നടപടി. എന്നാൽ ഗുഡ് സ‍ർവ്വീസ് എൻട്രി പിൻവലിച്ചത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് റവന്യുമന്ത്രിയുടെ പ്രതികരണം.

മരംമുറിയുടെ ഫയലുകൾ വിവരാവകാശ പ്രകാരം കൈമാറിയതിന് പിന്നാലെ അണ്ടർ സെക്രട്ടറി ഒ ജി ശാലിനി അവധിയിൽ പോയിരുന്നു. രേഖകൾ നൽകിയതിന് ഉന്നത ഉദ്യോഗസ്ഥർ ശാസിച്ച ശേഷം നിർബന്ധിത അവധിയിൽപോകാൻ നിർദ്ദേശിച്ചെന്ന സൂചനക്കിടെയാണ് ശാലിനിയുടെ ഗുഡ് സർവ്വീസ് എൻട്രി പിൻവലിച്ചത്.

പട്ടയവിതരണത്തിൽ ശാലിനി നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിപ്പിച്ചാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലക് ശാലിനിക്ക് ഗുഡ് സർവ്വീസ് എൻട്രി നൽകിയത്. എന്നാൽ അടുത്തിനിടെ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ശാലിനി നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗുഡ് സർവ്വീസ് എൻട്രിന പിൻവലിക്കുന്നുവെന്ന് ജയ തിലക് തന്നെ ഇറക്കിയ ഉത്തരവിൽ പറയുന്നു.

മരം മുറിക്കാൻ ഉത്തരവിട്ടത് മുൻ റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനാണെന്ന രേഖകൾ പുറത്തുവന്നതിന് പിന്നാലെ ഫയൽ കൈകാര്യം ചെയ്ത ജോയിൻറെ സെക്രട്ടറി ഉൾപ്പെടെ നാലുപേരെ റവന്യൂവകുപ്പിൽ നിന്നും സ്ഥലംമാറ്റുകയും ചെയ്തിരുന്നു.