കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ മുഖ്യപ്രതികളിലൊരാളായ കണ്ണൂര്‍ സ്വദേശി അര്ജുന് ആയങ്കിയെയും സംഘത്തെയും അപായപ്പെടുത്താന്‍ ടിപ്പറുമായി വന്ന താമരശ്ശേരി ക്വട്ടേഷന്‍ സംഘത്തിലെ കൂടത്തായി കുടുക്കിലംമാരം കുന്നംവള്ളി വീട്ടില്‍ ശിഹാബിനെയാണ് (37) കൊണ്ടോട്ടി ഡിവൈഎസ്പി അഷ്റഫിെന്റ നേതൃത്വത്തിലുള്ള പ്രത്യേക സംഘം താമരശ്ശേരി അടിവാരത്തെ ഒളിത്താവളത്തില്‍നിന്ന് പിടികൂടിയത്.
അര്ജുന് ആയങ്കി വരുന്ന വാഹനത്തെ ടിപ്പര്‍ ലോറി ഉപയോഗിച്ച് ആക്രമിക്കാന്‍ താമരശ്ശേരി സംഘത്തില്‍നിന്ന് ക്വട്ടേഷന്‍ ലഭിച്ചത് പ്രകാരമാണ് താനും സംഘവും കരിപ്പൂരിലെത്തിയതെന്നും അവര്‍ ഹെഡ്ലൈറ്റ് ഓഫാക്കി വേഗത്തില്‍ പോയതിനാലാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതെന്നും ഇയാള്‍ മൊഴി നല്കി.
ഈ വാഹനത്തെ പിന്തുടര്ന്ന് പോയ സംഘത്തില്‍ ഉള്‍പ്പെട്ട ചെര്‍പ്പുളശ്ശേരി സംഘത്തിെന്റ വാഹനം അപകടത്തില്‍പെട്ടാണ് അഞ്ചുപേര്‍ മരിച്ചത്. താമരശ്ശേരി സംഘത്തില്‍പെട്ട അബ്ദുല്‍ നാസറിനെ അഞ്ച് ദിവസം മുമ്പ് പിടികൂടിയതിനെ തുടര്‍ന്ന് ശിഹാബ് ഒളിവില്‍ പോയിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട ടിപ്പര്‍ വയനാട്ടിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം കൂടത്തായിയില്‍നിന്ന് കസ്റ്റഡിയിലെടുത്തു. ശിഹാബിനെ ചോദ്യം ചെയ്തതോടെ ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും വാഹനങ്ങളെയും കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് ഒളിവില്‍ കഴിയാനും മറ്റും സഹായം ചെയ്യുന്നവരെയും നിരീക്ഷിച്ചു വരുകയാണ്.