തിരുവനന്തപുരം: കൊറോണ പശ്ചാത്തലത്തില്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തില്‍ നിന്ന് മാറ്റിവെച്ച വിഹിതം തിരികെ നല്കി പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്താൻ മന്ത്രിസഭാ തീരുമാനം. ദേശീയ പെന്ഷന് പദ്ധതിയുടെ പരിധിയില്‍ വരുന്ന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും തിരികെ നല്കുന്ന മാറ്റിവെച്ച ശമ്പളത്തില്‍ നിന്ന് ജീവനക്കാരന്റെ ദേശീയ പെന്ഷന് പദ്ധതി വിഹിതം കുറവു ചെയ്യേണ്ടതില്ലെന്ന ഫെബ്രുവരി 26 ലെ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ നിഷ്കര്‍ഷിച്ചിരുന്നു. ഈ നിബന്ധന ഒഴിവാക്കി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും.
പോലീസ് മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ 49 തസ്തികകള്‍
കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഓഫീസുകളുടെയും വനിതാ ബറ്റാലിയന്റെയും സുഗമമായ പ്രവര്‍ത്തനത്തിന് സംസ്ഥാന പോലീസിലെ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ 49 തസ്തികകള്‍ സൃഷ്ടിക്കും. ക്രൈംബ്രാഞ്ചില്‍ നിലവിലുള്ള അഞ്ച് ജൂനിയര്‍ സൂപ്രണ്ട് തസ്തികകള്‍ സീനിയര്‍ സൂപ്രണ്ട് തസ്തികകളായി ഉയര്‍ത്തും.