ചാലിയാർ പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി

കോഴിക്കോട്: ചാലിയാർ പുഴയിൽ മണക്കടവ്-പൊന്നേംപാടം കടവിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മണക്കടവ് മൂന്നാംതൊടി എക്കാട്ട് നവീൻകുമാറിൻ്റെ മകൻ ജിഷ്ണു (22) വിൻ്റെ മുതദേഹമാണ് രണ്ടു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.

കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുഴയിലെ ശക്തമായ ഒഴുക്കു കാരണം രക്ഷപ്പെടുത്താനായിരുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വാഴക്കാട് പോലിസും മീഞ്ചന്ത ഫയർഫോഴ്സും ട്രോമ കെയർ യൂണിറ്റും, ബേപ്പൂരിൽ നിന്നെത്തിയ മത്സ്യതൊഴിലാളികളും, നാട്ടുകാരും ചേർന്ന് തിരച്ചിൽ ഊർജിതമാക്കിയെങ്കിലും ആളെ കണ്ടെത്താനായില്ല.

ഇന്നലെയും ഇന്നും ആയി നടത്തിയ തെരച്ചിലിനൊടുവിൽ ഇന്ന് ഉച്ചയക്ക് 12 മണിയോടെയാണ് മൃതദേഹം ഫറൂഖ് കോളേജ് മണ്ണെടി കടവിൽ കണ്ടെത്തിയത്.