ശരദ് പവാര്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി എന്‍സിപി

മുംബൈ: പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ശരദ് പവാര്‍ എത്തുമെന്ന വാര്‍ത്തകള്‍ തള്ളി എന്‍സിപി. പാര്‍ട്ടിക്കുള്ളില്‍ അത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് മന്ത്രിയും എന്‍ സി പി നേതാവുമായ നവാബ് മാലിക് അറിയിച്ചു.

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ വാര്‍ത്ത നിഷേധിച്ച് രംഗത്ത് വന്നിരിക്കുന്നത്. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ പവാറിനും താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം ശരദ് പവാറും പ്രശാന്ത് കിഷോറും തമ്മിലും മൂന്ന തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. നേതാക്കളുടെ ഈ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പവാറാണ് പ്രതിപക്ഷ സഖ്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെന്ന റിപ്പോര്‍ട്ട് വന്നത്.

പ്രശാന്ത് കിഷോറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ പവാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും ചേര്‍ന്നിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ഒരു മൂന്നാം ബദല്‍ സഖ്യം
ഉടലെടുക്കുന്നതിന്റെ സൂചനകളായിരുന്നു ഈ യോഗം നല്‍കിയത്. എന്നാല്‍ രാജ്യത്ത് ബി ജെ പിയ്‌ക്കെതിരെ അത്തരമൊരു പ്രതിപക്ഷ നീക്കം നടത്തുന്നത് ഗുണം ചെയ്യില്ലെന്നാണ് പ്രശാന്ത് കിഷോറിന്റെ നിലപാട്.

ശരദ് പവാറിനെപ്പോലെ സര്‍വ്വസമ്മതനായ ഒരാളെ നിര്‍ത്തി രണ്ടാം മോദി സര്‍ക്കാരിനെതിരെ ശക്തി തെളിയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.