സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ; രോഗികളുടെ എണ്ണം 28 ആയി ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ ആകെ 28 പേര്‍ക്ക് സിക്ക വൈറസ് ബാധിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു.

ആനയറ സ്വദേശികളായ രണ്ട് പേര്‍ക്കും, കുന്നുകുഴി , പട്ടം, കിഴക്കേക്കോട്ട എന്നിവിടങ്ങളില്‍ ഒരോ ആളുകള്‍ക്കും വീതമാണ് പുതുതായി സിക്ക വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് സിക്ക രോഗ ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ആനയറയില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടതായി ആരോഗ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ആനയറ ക്ലസ്റ്ററിന് പുറത്തും വൈറസ് ബാധ പകരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് തദ്ദേശസ്ഥാപന പ്രതിനിധികളുടെ അടിയന്തിര യോഗം ഇന്ന് ഉച്ചയ്ക്ക് ചേരും. പരിശോധന നടത്തിയ സാമ്പിളുകളില്‍ 16 എണ്ണം നെഗറ്റീവാണന്നും കണ്ടെത്തി.