നിയമസഭാ കൈയ്യാങ്കളി കേസ്: എംഎല്‍എ നിയമസഭയ്ക്ക് അകത്ത് തോക്ക് ഉപയോഗിച്ചാലും പരിരക്ഷ ലഭിക്കുമോ; സഭയില്‍ ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തതും സംഘര്‍ഷവും പൊതു താല്‍പ്പര്യത്തിന് നിരക്കുന്നതോ ?; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡെല്‍ഹി: നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഒരു എംഎല്‍എ നിയമസഭയ്ക്ക് അകത്ത് തോക്ക് ഉപയോഗിച്ചാലും പരിരക്ഷ ലഭിക്കുമോയെന്ന് കോടതി ചോദിച്ചു.

ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമ നിര്‍മ്മാണ സഭകള്‍ . അവിടെ അഭിപ്രായപ്രകടനത്തിന് സ്വാതന്ത്ര്യമുണ്ടെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ആ സഭയ്ക്ക് അകത്ത് എംഎല്‍എ തോക്ക് ഉപയോഗിച്ചാലും സഭയ്ക്ക് പരമാധികാരമെന്ന് പറയുമോയെവന്ന് കോടതി ചോദിച്ചു. അങ്ങിനെ ചെയ്താല്‍ എംഎല്‍എയ്ക്ക് പരിരക്ഷ ലഭിക്കുമോയെന്നും ചോദിച്ച കോടതി, അത്തരം പ്രവൃത്തികള്‍ക്ക് നിയമസഭ നടപടി സ്വീകരിച്ചാല്‍ മതിയാകുമോ ആരാഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി എന്നുകരുതി കോടതിയിലെ വസ്തുവകകള്‍ ആരെങ്കിലും അടിച്ചു തകര്‍ക്കാറുണ്ടോ എന്നും ചോദിച്ചു. എംഎല്‍എമാര്‍ക്ക് നിയമസഭയില്‍ പരിരക്ഷയുണ്ടെന്ന സര്‍ക്കാര്‍ വാദത്തിലാണ് കോടതി ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്.

എംഎല്‍എമാര്‍ പൊതുമുതല്‍ നശിപ്പിച്ചത് പൊതു ജനതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണോ എന്നും ജസ്റ്റിസ് എം ആര്‍ ഷാ ചോദിച്ചു. സഭയില്‍ ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തതും, സംഘര്‍ഷവും പൊതു താല്‍പ്പര്യത്തിന് നിരക്കുന്നതാണോ ?. പ്രതികള്‍ക്കായി സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിക്കരുതെന്നും കോടതി താക്കീത് ചെയ്തു.

സര്‍ക്കാരിനെതിരെ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണെന്നും പ്രതിഷേധം നടക്കുമ്പോള്‍ അംഗങ്ങള്‍ക്ക് പരിരക്ഷയുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. കേസ് അവസാനിപ്പിക്കാനും സര്‍ക്കാരിന് അധികാരമുണ്ടെന്ന് അഭിഭാഷകന്‍ കോടതിയില്‍് പറഞ്ഞപ്പോള്‍ നിയമത്തിന്റെ ഏത് വ്യവസ്ഥയാണ് സര്‍ക്കാരിന് കേസ് അവസാനിപ്പിക്കന്‍ അധികാരം നല്‍കുന്നതെന്ന് കോടതി തിരിച്ചും ചോദ്യമുന്നയിച്ചു.

പ്രതിഷേധത്തിനിടെ വനിതാ അംഗങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചതും, ഒരു പ്രതിപക്ഷ വനിതാ അംഗത്തിന് പരിക്കേറ്റതുമായ സംഭവങ്ങള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കയ്യങ്കളിയിലേക്ക് നീങ്ങിയതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. രാഷ്ട്രീയ വിഷയം ആയതിനാലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കെ എം മാണിയുടെ ബജറ്റ് അവതരണം തടഞ്ഞുകൊണ്ട് ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ പ്രതിഷേധമായിരുന്നു കേസിന് ആസ്പദം. നിലവിലെ മന്ത്രി വി ശിവന്‍കുട്ടി, മുന്‍മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, എംഎല്‍എമാരായിരുന്ന കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവര്‍ക്കെതിരെയാണ് കോടതി കേസെടുത്തത്. ഈ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.