കായലിൽ യുവതിയുടെ മൃതദേഹം ; കൊലപാതകമെന്ന് പൊലീസ്

ആലപ്പുഴ: കുട്ടനാട്ടിലെ പള്ളാത്തുരുത്തിക്കടുത്തുള്ള കായലില്‍ മരിച്ച നിലയിൽ കണ്ട യുവതിയുടേത് ആത്മഹത്യയല്ല അതിക്രൂരമായ കൊലപാതകമെന്ന് പോലീസ്. അമ്പലപ്പുഴ പുന്നപ്ര തെക്ക് സ്വദേശി അനിത ( 32 ) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. നിലമ്പൂർ മുതുകാട് പൂക്കോടൻ വീട്ടിൽ പ്രബീഷും (36) കാമുകി കൈനകരി തോട്ടുവാത്തല പതിശ്ശേരി വീട്ടിൽ രജനിയും (38) ചേർന്നാണു അനിതയെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ലൈംഗിക ബദ്ധത്തിനിടെയാണ് പുതിയ കാമുകിയുടെ സഹായത്താല്‍ പഴയകാമുകിയെ കഴുത്ത് ഞെരിച്ച്‌ പ്രബീഷ് കൊലപ്പെടുത്തിയത്. കൊലപാതകശേഷം മൃതദേഹം ആറ്റില്‍ കളയാനായി വള്ളത്തില്‍ കൊണ്ടു പോകുന്ന വഴി വള്ളം മറിയുകയും യുവതിയുടെ മൃതദേഹം അവിടെ തന്നെ ഉപേക്ഷിച്ച്‌ പ്രതികള്‍ മടങ്ങുകയുമായിരുന്നു.

വ്യാപകമായ അന്വേഷണത്തിന് ഒടുവിലാണ് മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന യുവതിയുടെ മരണം ആത്മഹത്യ ആണെന്നായിരുന്നു തുടക്കത്തിലെ നിഗമനം. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില കാര്യങ്ങളായിരുന്നു സംഭവം കൊലപാതകമെന്ന് തിരിച്ചറിഞ്ഞത്.

മരിക്കുന്ന സമയത്ത് അനിത ആറുമാസം ഗര്‍ഭിണിയായിരുന്നു. ഇവരുടെ കഴുത്തില്‍ ബലം പ്രയോഗിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനിതയുടെ ഫോണ്‍ കോള്‍ വിവരങ്ങളില്‍ നിന്നാണ് പ്രബീഷിലേക്ക് അന്വേഷണം നീങ്ങിയത്. തുടര്‍ന്ന് പ്രബീഷിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ച പൊലീസ് ഇയാള്‍ ചില സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയതും തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൈനകരി ഭാഗത്തെ വീടു കണ്ടെത്താന്‍ കഴിഞ്ഞു.

കായംകുളത്തെ ഫാമിൽ ജോലിചെയ്യുമ്പോഴാണ് അനിതയും പ്രബീഷും പരിചയപ്പെടുന്നത്. ബന്ധം പ്രണയമായി മാറിയപ്പോൾ ഭർത്താവും രണ്ടുമക്കളുമടങ്ങിയ കുടുംബത്തെ ഉപേക്ഷിച്ച് അനിത പ്രബീഷിനൊപ്പം നാടുവിട്ടു. രണ്ടുവർഷത്തോളം കോഴിക്കോട്ടും തൃശ്ശൂരും പാലക്കാട്ടും താമസിച്ചു. അതിനിടെ അനിത ഗർഭിണിയായി.

അനിതയുമായി കഴിയുമ്പോൾത്തന്നെ പ്രബീഷ് കൈനകരിക്കാരിയായ രജനിയുമായും ബന്ധം പുലർത്തി. വിവാഹിതയും ഒരുകുട്ടിയുടെ അമ്മയുമായ രജനി കുടുംബം ഉപേക്ഷിച്ചാണു പ്രബീഷുമായി അടുത്തത്. ഗർഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് അനിത പ്രബീഷിനോട് ആവശ്യപ്പെട്ടു. ഇതോടെ രജനിയും പ്രബീഷുംചേർന്ന് അനിതയുടെ ഗർഭം അലസിപ്പിക്കാനും ഒഴിവാക്കാനുമുള്ള ശ്രമം നടത്തിയെങ്കിലും വിവാഹമെന്ന ആവശ്യത്തിൽ അനിത ഉറച്ചുനിന്നു. ഇതാണ് പിന്നീട് കൊലപാതകത്തിലേക്ക് വഴിതെളിച്ചതെന്ന് പോലീസ് പറഞ്ഞു.