സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്; കടകളുടെ പ്രവൃത്തി സമയം നീട്ടി; ബാങ്കുകള്‍ക്ക് അഞ്ചു ദിവസം പ്രവർത്തിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകള്‍ നല്‍കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. കടകളുടെ പ്രവര്‍ത്തന സമയം രാത്രി എട്ടുമണി വരെ നീട്ടി. ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളില്‍ അഞ്ചു ദിവസം ഇടപാടുകാര്‍ക്ക് പ്രവേശനം നല്‍കാനും തീരുമാനമായി.

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ബാങ്കുകളില്‍ ഇടപാടുകാര്‍ക്കു പ്രവേശിക്കാം. നിലവില്‍ മൂന്നു ദിവസമാണ് ബാങ്ക് ഇടപാടുകള്‍ക്ക് അനുമതിയുണ്ടായിരുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയെങ്കിലും വാരാന്ത്യ ലോക്ഡൗണ്‍ തുടരും.

ടെസ്റ്റ് പോസിറ്റിവിറ്റി കുറവുള്ള എബിസി വിഭാഗമായി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങളിൽ എല്ലാത്തരം കടകളും ഒന്നിടവിട്ട ദിവസങ്ങളിൽ എട്ടുവരെ തുറക്കാം. ഡി വിഭാഗത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ രാത്രി ഏഴ് മണിവരെ കടകൾ തുറക്കാം.

കഴിഞ്ഞ ദിവസം വ്യാപാരികൾ എല്ലാ ദിവസവും കടകൾ തുറക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ടിപിആർ റേറ്റ് 10ൽ കുറയാത്ത സാഹചര്യത്തിൽ വ്യാപാരികളുടെ ആവശ്യം പൂർണമായും നടപ്പിലാക്കാൻ കഴിയില്ലെന്ന നിലപാടാണ് സർക്കാർ കൈകൊണ്ടത്.