കൊച്ചി: നഗരത്തിൻ്റെ ഉറക്കം കെടുത്തിയ മുഖംമൂടി കള്ളൻ പിടിയിലായി. അഭിലാഷ് (രാജേഷ് ) എന്നയാളാണ് പാലാരിവട്ടം പോലീസിൻ്റെ വിദഗ്ദ്ധ നീക്കത്തിനൊടുവിൽ പിടിയിലായത്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉള്ള കടകളിൽ മോഷണം നടത്തിയ രാജേഷ് പ്രധാനമായും മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ചാണ് തൻ്റെ മോഷണം നടത്തിയിരുന്നത്.
2020 ജൂണിൽ കോഴിക്കോട് ജില്ലാ ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ ഇയാൾ തൻ്റെ മോഷണം അനുസ്യൂതം തുടർന്ന് വരികയായിരുന്നു. ഇക്കഴിഞ്ഞ ഒമ്പതിന് പാലാരിവട്ടം ഭാഗത്തുള്ള മെഡിക്കൽ സ്റ്റോർ കുത്തിത്തുറന്ന് 60000 രൂപയും മൊബൈൽ ഫോണും കവർന്ന കേസിൽ ആണ് പാലാരിവട്ടം പോലീസിൻ്റെ പിടിയിലായത്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആയി 10 ഓളം മോഷണം നടത്തിയിട്ടുണ്ട്.
എറണാകുളം എ.സി.പി നിസാമുദ്ദീൻ്റെ നിർദ്ദേശപ്രകാരം പാലാരിവട്ടം സി.ഐ രൂപേഷ് രാജ്, എസ്.ഐമാരായ രൂപേഷ്, രതീഷ്, സുരേഷ് എ.എസ് ഐ രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് സൈബർസെല്ലിൻ്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. അനവധി തവണ ജയിൽ ശിക്ഷ അനുഭവിച്ച ഇയാൽ 2012 മുതൽ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിൽ ആയി നിരവധി കേസുകളിൽ പ്രതിയാണ്.