തെലങ്കാന സര്‍ക്കാരുമായി വൈകാതെ കരാര്‍ ഉണ്ടാക്കും; കേരളത്തില്‍ ഇനി ഒരു രൂപ പോലും ചെലവാക്കില്ലെന്ന് കിറ്റെക്‌സ്

കൊച്ചി: കേരളത്തില്‍ ഇനി ഒരു രൂപ പോലും ചെലവാക്കില്ലെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു എം ജേക്കബ്. തെലങ്കാന സര്‍ക്കാരുമായി വൈകാതെ കരാറുണ്ടാക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും കിറ്റെക്‌സ് ചെയര്‍മാന്‍ പറഞ്ഞു.

എറണാകുളത്തെ എംഎല്‍എമാർ, പ്രത്യേകിച്ച് കുന്നത്തുനാട്ടിലെ ഇപ്പോഴത്തെ എംഎല്‍എയുമാണ് കേരളത്തില്‍ തന്റെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ കാരണമായതെന്ന ആരോപണവും സാബു എം ജേക്കബ് ഉന്നയിച്ചു. തെലങ്കാനയില്‍ നിക്ഷേപം നടത്താന്‍ കാരണക്കാരനായതില്‍ താന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് കുന്നത്തുനാട് എംഎല്‍എയോടാണെന്ന് സാബു ജേക്കബ്ബ് അഭിപ്രായപ്പെട്ടു.

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എറണാകുളം ജില്ലയിലെ നാല് എംഎല്‍എമാരും ഒരു എംപിയുമുണ്ട്. ഇവരോട് കടപ്പെട്ടിരിക്കുന്നു. കാരണം വ്യവസായ സൗഹൃദം എന്താണെന്നും ഒരു വ്യവസായിക്ക് എങ്ങിനെ കോടികള്‍ സമ്പാദിക്കാമെന്നുള്ള വഴി തുറന്ന് തന്നത് ഇവരാണ്. അതുകൊണ്ട് എല്ലാവരോടും നന്ദിയാണ് പറയാനുള്ളത്.- സാബു എം ജേക്കബ് പറഞ്ഞു.

തെലങ്കാനയില്‍ നിന്ന് കേരളത്തിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് മറുപടി പറയാൻ താൻ ആളല്ല. ഇപ്പോൾ ബിസിനസുകാരനെന്ന നിലയിലാണ് സംസാരിക്കുന്നത്. രാഷ്ട്രീയത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ല, രാഷ്ട്രീയം പറയേണ്ട വേദിയിൽ രാഷ്ട്രീയം പറയും. മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.

ബിസിനസിനാവശ്യമായ ഭീമമായ തുക തെലങ്കാനയില്‍ നിക്ഷേപിക്കും. ആയിരം കോടിയുടെ നിക്ഷേപമാവും ആദ്യഘട്ടത്തില്‍ നടത്തുക. തെലങ്കാനയില്‍ ജോലി തേടി എത്ര മലയാളികള്‍ വന്നാലും അവര്‍ക്ക് ജോലി നല്‍കുമെന്നും കിറ്റെക്‌സ് ചെയര്‍മാന്‍ പറഞ്ഞു. കേരളത്തില്‍ 15,000ത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാനായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളം വ്യവസായ സൗഹൃദമല്ലെന്നും തന്നെ ആട്ടിയോടിക്കുകയാണെന്നുമായിരുന്നു നിക്ഷേപ പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ തെലങ്കാനയിലേക്ക് പോകുന്നതിന് മുന്നോടിയായി സാബു എം ജേക്കബ് പറഞ്ഞിരുന്നു.

അതേസമയം കിറ്റെക്‌സ് വിവാദം കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. വസ്തുതകള്‍ക്ക് നിരക്കാത്ത വാദങ്ങളാണ് ഉയര്‍ന്ന് വന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളം നിക്ഷേപ സൗഹൃദമല്ലെന്നത് പണ്ട് പറഞ്ഞുപരത്തിയ ആക്ഷേപമാണ്. ഇപ്പോള്‍ കേരളത്തെ കുറിച്ച് അറിയാവുന്ന എല്ലാവരും ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനമായാണ് കേരളത്തെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.