എം ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ നീട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ നീട്ടി. ക്രിമിനല്‍ കേസ് പ്രതിയായതിനാലാണ് സസ്പെന്‍ഷന്‍ നീട്ടിയത്. സസ്പെന്‍ഷന്‍ നീട്ടിയ കാര്യം സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. സസ്പെന്‍ഷന്‍ കാലാവധി 16-ന് അവസാനിക്കാനിരിക്കേയാണ് ചീഫ്‌സെക്രട്ടറി അധ്യക്ഷനായ റിവ്യൂ കമ്മിറ്റിയുടെ തീരുമാനം.

സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്ന സുരേഷിനെ സര്‍ക്കാര്‍ ഓഫീസില്‍ നിയമിച്ചതിനെ സംബന്ധിച്ച് അറിവുണ്ടായിരുന്നതുമാണ് സസ്പെന്‍ഷനിലേക്കു നയിച്ചത്. ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 2020 ജൂലൈ 16ന് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയാണ് ശിവശങ്കര്‍. ക്രിമിനല്‍ കുറ്റത്തിന് അന്വേഷണമോ വിചാരണയോ നേരിടുന്ന ഐ എ എസ്. ഉദ്യോഗസ്ഥനെ സംസ്ഥാന സര്‍ക്കാരിനു സസ്പെന്‍ഡ് ചെയ്യാം. അഴിമതിക്കേസ് അല്ലെങ്കില്‍ സസ്പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷമാണ്.

ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരിനു സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാം. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുകയും വേണം.ഇല്ലെങ്കില്‍ സസ്പെന്‍ഷന്‍ സ്വമേധയാ പിന്‍വലിക്കപ്പെടും. പരമാവധി രണ്ടുവര്‍ഷം മാത്രമേ ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഷനില്‍ നിര്‍ത്താന്‍ കഴിയൂ.2023 ജനുവരി വരെ ശിവശങ്കറിനു സര്‍വീസ് ശേഷിക്കുന്നുണ്ട്.