കൊടകര കുഴല്‍പ്പണക്കേസ്; കെ സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കും

തൃശ്ശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായക പങ്കുണ്ടെന്ന് കരുതുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കും. രണ്ടാഴ്ചയ്ക്കകം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കും. ഈ മാസം 26നകം കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ജൂലൈ രണ്ടിന് നോട്ടീസയച്ചെങ്കിലും പാര്‍ട്ടി പരിപാടിയുടെ പേരില്‍ സുരേന്ദ്രന്‍ ഒഴിഞ്ഞുമാറി. എന്നാല്‍ വീണ്ടും എത്താതിരുന്നാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നതിനാല്‍ അടുത്ത തവണ സുരേന്ദ്രന്‍ ഹാജരാകുമെന്നാണ് സൂചന. 13 വരെ ഹാജരാകാന്‍ കഴിയില്ലെന്നാണ് സുരേന്ദ്രന്‍ അറിയിച്ചിരിക്കുന്നത്. അതിനുശേഷമാകും സുരേന്ദ്രനെ വിളിപ്പിക്കുക.

ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് പണം കടത്ത് വ്യക്തമായി അറിയാവുന്നത് എന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുള്ള വിവരം. 25 ലക്ഷം കൊടകരയില്‍ വെച്ച് തട്ടിയെടുത്തുവെന്ന് പരാതി നല്‍കിയ ഡ്രൈവര്‍ ഷംജീര്‍, പണത്തിന്റെ ഇടനിലക്കാരനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജന്‍, പണം ഏല്‍പ്പിച്ച സുരേന്ദ്രന്റെ അടുപ്പക്കാരന്‍ മുന്‍ യുവമോര്‍ച്ചാ നേതാവ് സുനില്‍ നായിക് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പണം ബിജെപിയുടേതാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചത്.

സംഘടനാ സെക്രട്ടറി എം ഗണേശന്‍, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ്, ആലപ്പുഴ മേഖലാ സെക്രട്ടറി എല്‍ പത്മകുമാര്‍, ട്രഷറര്‍ കെ ജി കര്‍ത്താ, തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാര്‍ തുടങ്ങി 15 ലേറെ സംഘപരിവാര്‍ നേതാക്കളെ ചോദ്യം ചെയ്താണ് ബിജെപിക്കു വേണ്ടി കര്‍ണാടകയില്‍ നിന്നു വന്ന കുഴല്‍പ്പണമാണെന്ന് സ്ഥിരീകരിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മരാജന്‍ വഴി സംസ്ഥാനത്താകെ ബിജെപി നേതാക്കള്‍ക്ക് കുഴല്‍പ്പണം എത്തിച്ചിരുന്നുവെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ മാസം 13 ന് കോടതി വീണ്ടും ഹര്‍ജി പരിഗണിക്കും.