അഞ്ച് വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതിന് പിന്നിൽ കടുത്ത അന്ധവിശ്വാസം; അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മനോരോഗ വിദഗ്ധർ

കോഴിക്കോട്: അഞ്ച് വയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും കടുത്ത അന്ധവിശ്വാസം കാരണമാണ് മകളെ കൊലപ്പെടുത്തിയത് എന്നും കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ വിദഗ്ധർ. പയ്യാനക്കൽ സമീറയുടെ മകൾ ആയിശ റഹ്നയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വീട്ടിൽ നിന്നും ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ബോധരഹിതയായി കിടന്ന കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

കുട്ടിയുടെ കഴുത്തിൽ ഷാൾ കുരുക്കിയാണ് കൊലപ്പെടുത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അമ്മ സമീറയാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തി. പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.
എന്നാൽ സമീറ മാനസിക രോഗം ഉള്ളയാളാണെന്ന് തെളിഞ്ഞതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പിന്നീട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റിയിരുന്നു.

കുതിരവട്ടത്ത് വച്ച് സമീറയെ പരിശോധിച്ച ഡോക്ടർമാരാണ് ഇവർക്ക് യാതൊരു മാനസിക പ്രശ്‌നങ്ങളുമില്ലെന്നും കടുത്ത അന്ധവിശ്വാസമാണ് കുട്ടിയെ കൊലപ്പെടുത്താൻ കാരണമെന്നും കണ്ടെത്തി റിപ്പോർട്ട് നൽകിയത്.
കുറച്ചു കാലമായി മകളുടെ ദേഹത്ത് ബാധ കയറിയെന്നായിരുന്നു സമീറയുടെ വിശ്വാസം. മതപരമായ പല ചികിത്സകളും പ്രാർത്ഥനകളും നടത്തിയെങ്കിലും മകളുടെ ബാധ മാറിയില്ലെന്ന് കണ്ടതോടെയാണ് മകളെ കൊലപ്പെടുത്തി ബാധ ഒഴിപ്പിക്കാൻ സമീറ തീരുമാനിച്ചതെന്നും ഡോക്ടർമാർ പോലീസിനെ അറിയിച്ചു.

മകളെ താൻ കൊന്നുവെന്നും അവൾ ദൈവത്തിനടുത്തേക്ക് പോയെന്നും സമീറ പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.തൂവാല കൊണ്ടോ നേർത്ത തുണി കൊണ്ടോ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സമീറയ്ക്ക് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് വ്യക്തമായതോടെ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കും.