മദ്യശാലകള്‍ക്ക് മുന്നില്‍ 500 പേർ ആകാമെന്നത് എന്ത് സന്ദേശമാണ് സാധാരണക്കാര്‍ക്ക് നല്‍കുന്നത്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി; സർക്കാർ മറുപടി നൽകണം

കൊച്ചി: മദ്യശാലകളിലെ തിരക്കിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. തിരക്ക് ഒഴിവാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കല്യാണത്തിനും മരണത്തിനും 20 പേരെന്ന് നിഷ്‌കര്‍ഷിക്കുമ്പോള്‍ മദ്യശാലകള്‍ക്ക് മുന്നില്‍ 500 ആകാമെന്നത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും കോടതി ചോദിച്ചു. വരുമാനം മാത്രമാണ് ബന്ധപ്പെട്ടവർ ലക്ഷ്യമിടുന്നത്.

ഹൈക്കോടതിക്കു സമീപത്തെ കടകളില്‍ പോലും വലിയ ആള്‍ക്കൂട്ടമാണ്. ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. ഇന്ത്യയിലെ കൊറോണ രോഗികളില്‍ മൂന്നിലൊന്നും കേരളത്തിലാണെന്ന് ചൂണ്ടികാട്ടി ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് വേണ്ടപ്പെട്ടവർ ചിന്തിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

മദ്യവിൽപ്പന ബെവ്കോയുടെ കുത്തകയായിരുന്നിട്ടു കൂടി അടിസ്ഥാന സൗകര്യങ്ങൾ ബെവ്കോ ഒരുക്കുന്നില്ല. സംസ്ഥാനത്തെ മുഴുവൻ ബിവറേജസിന് മുന്നിലെയും തിരക്ക് നിയന്ത്രിക്കാൻ നടപടിയുണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടങ്ങള്‍ കൂടുതല്‍ രോഗ വ്യാപനത്തിന് കാരണമാകില്ലേയെന്നും കോടതി ആരാഞ്ഞു. ഒരു തരത്തിലുള്ള സാമൂഹിക അകലവും പാലിക്കുന്നില്ല.

ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്- കോടതി ചോദിച്ചു. ചൊവ്വാഴ്ച്ചയ്ക്കകം സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കേസില്‍ ബവ്‌കോ സിഎംഡിയും എക്‌സൈസ് കമ്മീഷണറുംകോടതിയില്‍ ഹാജരായി. ബെവ്കോക്ക് എതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.