വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായ യുവാവിൽ നിന്ന് ലക്ഷങ്ങളുടെ കള്ളനോട്ടുകൾ പിടികൂടി

തൃശൂർ : ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിൽ നിന്ന് കള്ളനോട്ടുകൾ പിടികൂടി. മേത്തല വടശേരി കോളനിയിൽ കോന്നാടത്ത് ജിത്തുവിന്‍റെ പക്കൽനിന്നാണ് കള്ളനോട്ടുകൾ കണ്ടെടുത്തത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് കരൂപടന്നയിലാണ് ജിത്തു സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുന്നത്.

ഓടിക്കൂടിയ യാത്രക്കാർ ചേർന്നാണ് ജിത്തുവിനെ സമീപത്തെ മോഡേൺ ആശുപത്രിയിലെത്തിച്ചത്.മരുന്നുകൾക്കും ടെസ്റ്റുകൾക്കുമുള്ള പണം അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ജിത്തു അഞ്ഞൂറിന്റെ ഒരു കെട്ട് നോട്ടാണ് നൽകിയത് . നോട്ട് മെഷീൻ വഴി എണ്ണവേ കള്ളനോട്ടാണെന്ന് ബോദ്ധ്യപ്പെട്ടു . തുടർന്നാണ് ആശുപത്രി അധികൃതർ വിവരം കൊടുങ്ങല്ലൂർ പോലീസിൽ അറിയിച്ചത് .

പോലീസ് എത്തി നടത്തിയ പരിശോധനയിൽ യുവാവിൽ നിന്ന് വീണ്ടും അഞ്ഞൂറിന്റെ നോട്ടുകൾ കണ്ടെടുത്തു. 1,79,000 രൂപയുടെ കള്ളനോട്ടാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത് . തുടർന്ന് പോലീസ് ജിത്തുവിന്‍റെ വീട്ടിലും റെയ്ഡ് നടത്തി.

പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ ജിത്തുവിനെ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റിയിരുന്നു. പരിക്ക് ഭേദമായാൽ ഉടൻ ഇയാളെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ഒരു സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയാണ് ജിത്തു.