മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്നും മനോജ് കെ ദാസ് രാജിവെച്ചു

കോഴിക്കോട്: ‘മാതൃഭൂമി’യില്‍ നിന്ന് വീണ്ടും രാജി. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്നും മനോജ് കെ ദാസാണ് രാജിവെച്ചത്. ബ്യൂറോ ചീഫുമാരുടെ യോഗത്തിലാണ് താന്‍ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്ന കാര്യം മനോജ് കെ ദാസ് അറിയിച്ചത്. 2019 നവംബറിലാണ് മാതൃഭൂമി പത്രാധിപരായി മനോജ് കെ ദാസ് ചുമതലയേറ്റത്. നേരത്തെ ചാനലിന്റെ ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍ രാജിവച്ചിരുന്നു. തീവ്ര ഇടതുപക്ഷ നിലപാടിലേക്ക് മാതൃഭൂമി നീങ്ങുന്നതിന്റെ സൂചനയായി മനോജ് കെ ദാസിന്റെ രാജിയെ വിലയിരുത്തുന്നവരുമുണ്ട്.

മനോജിന്റെ സംഘപരിവാര്‍ അനുകൂല നിലപാടാണ് അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടമാക്കിയതെന്നും ആരോപണമുണ്ട്. നേരത്തെ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ മാതൃഭൂമി സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുകയാണെന്ന വിമര്‍ശനം ചിലഭാഗങ്ങളിൽ നിന്ന് ശക്തമായിരുന്നു. മാതൃഭൂമി എംഡി എംവി ശ്രേയാംസ്‌കുമാര്‍ ഇതിന്റെ പേരില്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു.

മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസിലേക്ക് തിരിച്ചു പോകുമെന്ന സൂചനകളുമുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഉടമ രാജീവ് ചന്ദ്രശേഖര്‍ എംപിയുമായി അടുത്ത ബന്ധമാണ് മനോജ് കെ ദാസിനുള്ളത്. ഇന്ത്യന്‍ എക്സ്‌പ്രസിന്റെ കേരള മേധാവിയായിരിക്കുമ്പോഴാണ് ഇതിന് മുമ്പ് ഏഷ്യാനെറ്റ് ന്യൂസില്‍ മനോജ് കെ ദാസ് ജോലിക്കെത്തിയത്. അന്ന് കുറച്ചു കാലം മാത്രമേ ജോലി തുടരാനായുള്ളൂ.

പലപല വിവാദത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചെന്നു പെട്ട സാഹചര്യത്തില്‍ കൂടിയാണ് ചാനല്‍ തലപ്പത്ത് വീണ്ടും മനോജ് കെ ദാസ് എത്തുമെന്ന അഭ്യൂഹം ശക്തമാകുന്നത്. ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും വ്യത്യസ്തമായി രാജീവ് ചന്ദ്രശേഖറിന്റെ സ്വതന്ത്ര ഉടമസ്ഥതയിലുള്ളതാണ് ഏഷ്യാനെറ്റ് ഓണ്‍ലൈന്‍. എന്നാല്‍ താന്‍ ടൈംസ് ഓഫ് ഇന്ത്യയിലേക്ക് തന്നെ വീണ്ടും മടങ്ങുന്നുവെന്ന തരത്തിലാണ് മാതൃഭൂമിയില്‍ നിന്നും മനോജ് കെ ദാസ് പടിയിറങ്ങുന്നത്.