മലയാളികൾ ഒന്നിച്ചു; ഒന്നര വയസുകാരന് മരുന്നു വാങ്ങാന്‍ കേരളത്തിന്റെ കരുതൽ; ആറു ദിവസംകൊണ്ട് അക്കൗണ്ടിലെത്തിയത് 18 കോടി

കണ്ണൂര്‍ : ലോകമെങ്ങുമുള്ള സുമനസ്സുകൾ ഒന്നിച്ചപ്പോൾ കണ്ണൂരിലെ ഒന്നര വയസുകാരന് മരുന്നു വാങ്ങാന്‍ വേണ്ടിയുള്ള 18 കോടിയുടെ ധന സമാഹരണം വൻ വിജയമായി. ജനിതക വൈകല്യംമൂലം ഉണ്ടാകുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന അപൂര്‍വരോഗം പിടിപ്പെട്ട കണ്ണൂരിലെ ഒന്നര വയസുകാരന്‍ മുഹമ്മദിന് വേണ്ടിയാണ് ലോകമെങ്ങുമുള്ള മലയാളികള്‍ ഒന്നിച്ചത്. ഇനി ആരും പണം അയക്കേണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.

“ആറു ദിവസം കൊണ്ടാണ് ഈ തുക കിട്ടിയത്. എല്ലാവരോടും നന്ദിയുണ്ട്. കേരളത്തിലുള്ളവരോടും പുറത്തുള്ളവരോടും കടപ്പാടുണ്ട്. ഹൃദയം തൊട്ട് നിങ്ങളോട് ഞാൻ പറയുന്നു, നിങ്ങളെ ജീവിതത്തിൽ എനിക്ക് മറക്കാൻ പറ്റില്ല. അത്രയും വലിയ സഹായമാണ് നിങ്ങൾ നൽകിയത്. ഇത്രയും ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയും തുക ലഭിക്കുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല. എല്ലാവർക്കും നന്ദി. വിഷയം ചർച്ചയാക്കിയ മാധ്യമങ്ങളോടും നന്ദി.”എന്ന് മുഹമ്മദിന്റെ പിതാവ് റഫീഖ് പറഞ്ഞു.

മലയാളികൾ ഒന്നാകെ കൈകോർത്തതിന്റെ ഭാഗമായാണ് 18 കോടിയുടെ സഹായം റഫീക്കിന്റെ കുടുംബത്തെ തേടി എത്തിയത്. പേശികളെ ക്ഷയിപ്പിക്കുന്ന പതിനായിരം കുട്ടികളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന ജനിതക വൈകല്യംമൂലമുള്ള സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാൻ സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടത്. ഒന്നരവയസുകാരൻ മുഹമ്മദിന് ജീവിതത്തിലേക്ക് തിരികെയെത്തണമെങ്കിൽ ഈ വിലകൂടിയ മരുന്ന് കിട്ടിയാലേ സാധിക്കൂ.

മരുന്ന് ഇന്ത്യയിലെത്തണമെങ്കിൽ 18 കോടി രൂപ ചെലവ് വരും. ഇതാണ് ഇപ്പോൾ സുമനസ്സുകളുടെ സഹായത്തോടെ ഫലം കണ്ടിരിക്കുന്നത്. റഫീഖിന്റെ മൂത്ത മകൾ അഫ്രയ്ക്കും ഇതേ അട്രോഫി രോഗമാണ്. ഒന്ന് അനങ്ങാനാകാതെ പതിനാല് കൊല്ലമായി വീൽചെയറിൽ കഴിയുന്ന അഫ്ര മുഹമ്മദിന്റെ സ്ഥിതിയിലും ആശങ്ക പ്രകടിപ്പിച്ചിരുന്നു. രണ്ട് വയസിന് മുൻപ് മുഹമ്മദിന് സോൾജെൻസ്മാ എന്ന മരുന്ന് ഒരു ഡോസ് നൽകിയാൽ രോഗം ഭേദമാകുമെന്ന് വിദഗ്ധർ പറയുന്നു.

ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിന് 18 കോടി രൂപയാണ് ആവശ്യമായുള്ളത്. സിനിമ രംഗത്തെ സെലബ്രിറ്റികള്‍ അടക്കമുള്ളവര്‍ ധനസഹായം നല്‍കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു. രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ളവരും സഹായത്തിനായി കൈകോര്‍ത്തു. ഇതോടെ സൈബര്‍ ഇടത്തിലെ വൈറലായ കാമ്പയിനായി ഇത് മാറുകയും ചെയ്തു. ഇതോടെയാണ് ആവശ്യത്തിന് പണം ഒഴുകി എത്തിയത്.