കിറ്റെക്‌സിനെ അനുനയിപ്പിക്കാനൊരുങ്ങി സർക്കാർ ; പദ്ധതിയിലേക്ക് മടങ്ങിവരണമെന്ന് വ്യവസായമന്ത്രി പി രാജീവ്

തിരുവനന്തപുരം: 3500 കോടിയുടെ പദ്ധതിയിൽ നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച കിറ്റെക്‌സിനെ അനുനയിപ്പിക്കാൻ സർക്കാർ. ഉപേക്ഷിച്ച പദ്ധതിയിലേക്ക് കിറ്റെക്‌സ് മടങ്ങിവരണമെന്ന് വ്യവസായമന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. നടന്നതെന്തെന്ന് പരിശോധിക്കും. പ്രശ്‌നത്തെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കിറ്റക്‌സ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ട്. നിക്ഷേപ പദ്ധതിയിലേക്ക് കിറ്റെക്‌സ് തിരികെ വരണം. നാടിനു ക്ഷീണമുണ്ടാകുന്ന പ്രവൃത്തികൾ അനുവദിക്കില്ല. മിന്നൽ പരിശോധനകൾ പാടില്ലെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതീവഗൗരവമായ ഏതെങ്കിലും പരാതി, അതും പ്രഥമദൃഷ്ട്യാ തന്നെ ശരിയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടാൽ ചിലപ്പോൾ പരിശോധന വേണ്ടി വരും. അത് അത്യപൂർവ സന്ദർഭത്തിൽ മാത്രമാണ്. അല്ലാത്ത സാഹചര്യങ്ങളിൽ പരിശോധന വേണ്ടെന്നാണ് സർക്കാർ നിലപാട്.

സർക്കാർ നിലപാട് വളരെ പോസിറ്റീവ് ആണ്. വിഷയം തങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തണമായിരുന്നു. നാടിനാകെ അപമാനകരമായ അവസ്ഥ ഉണ്ടാകാൻ ഇടയാക്കരുതായിരുന്നു എന്നും മന്ത്രി പറഞ്ഞു. 3500 കോടിയുടെ പദ്ധതിയുമായി കിറ്റെക്‌സ് ഇനി വന്നാലും സർക്കാർ അംഗീകരിക്കും. ഇതിനെ ട്വന്റി-20യുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. രാഷ്ട്രീയവൈരാഗ്യം തീർക്കാനുള്ള നടപടികൾ അല്ലെന്നും മന്ത്രി പറഞ്ഞു.

വിവാദങ്ങൾക്കിടെ കിഴക്കമ്പലത്തെ കിറ്റക്‌സ് സന്ദർശിക്കാൻ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരെത്തി. കിറ്റെക്‌സ് ചെയർമാൻ സാബു ജേക്കബുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തി. എറണാകുളം ജില്ലാ വ്യവസായ വകുപ്പ് ജനറൽ മാനേജർ ബിജു പി എബ്രഹാം, മാനേജർ ഷീബ എന്നിവരാണ് സാബു ജേക്കബുമായി ചർച്ച നടത്തിയത്. കിറ്റെക്‌സിന്റെ പരാതി കേൾക്കാനും റിപ്പോർട്ട് സമർപ്പിക്കാനുമാണ് ഉദ്യോഗസ്ഥർ എത്തിയത്.