കള്ളക്കടത്ത് സ്വർണം കവരാൻ ടിപി കേസ് പ്രതികളും സഹായിച്ചതായി അർജുന്റെ നിർണായക മൊഴി

കോഴിക്കോട്: വിദേശത്ത് നിന്ന് കടത്തിക്കൊണ്ട് വരുന്ന സ്വർണം കവരാൻ തങ്ങളെ സഹായിച്ചത് ടിപി കേസ് പ്രതികളെന്ന് അർജുൻ ആയങ്കിയുടെ മൊഴി. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ കരിപ്പൂർ സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അർജുൻ ആവർത്തിച്ചു. എന്നാലിത് രക്ഷപ്പെടാനുള്ള ശ്രമമായാണ് അന്വേഷണ സംഘം കാണുന്നത്.

കരിപ്പൂരിലെ ഏറ്റവും ഒടുവിലെ സ്വർണക്കടത്തിൽ പങ്ക് നിഷേധിച്ച അർജുൻ, ഇതിന് മുൻപ് സ്വർണക്കടത്തുകാരുടെ പക്കൽ നിന്ന് സ്വർണം കവർന്നതായി സമ്മതിച്ചു. കടത്ത് സ്വർണം കവരാൻ സഹായിച്ചതിന് ടിപി കേസ് പ്രതികൾക്ക് ലാഭവിഹിതം പകരമായി നൽകിയെന്ന് മൊഴിയിൽ പറയുന്നു. ടിപി കേസ് പ്രതികൾ നിർദ്ദേശിക്കുന്ന ആളുകൾക്കാണ് ലാഭവിഹിതം നൽകിയിരുന്നത്.

കരിപ്പൂർ സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ സഹായം കിട്ടിയെന്നും മൊഴിയുണ്ട്. പാനൂർ ചൊക്ലി മേഖലയിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞത്. കരിപ്പൂരിൽ വന്നത് പണം വാങ്ങാനാണെന്നും സ്വർണം കവരാനല്ലെന്നും അർജുൻ പറയുന്നു. തെളിവില്ലാത്ത കാര്യങ്ങളിൽ തന്റെ പങ്ക് സമ്മതിച്ച് കേസിൽ നിന്ന് രക്ഷപ്പെടാനാണ് അർജുൻ ശ്രമിക്കുന്നതെന്നാണ് കസ്റ്റംസിന്റെ സംശയം.

കേസിൽ നേരത്തെ ചോദ്യം ചെയ്ത സജേഷിനെ കസ്റ്റഡിയിലെടുക്കാൻ തക്ക തെളിവില്ലെന്നാണ് വിവരം. അർജുൻ മൊഴികളിൽ പരാമർശിച്ച പേരുകാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതിലൂടെ എല്ലാ കാര്യങ്ങളിലും കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ആവശ്യമെങ്കിൽ ടിപി കേസ് പ്രതികളെ കൂടി ചോദ്യം ചെയ്തേക്കും.