മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും മാലിന്യത്തില്‍ ഒളിപ്പിച്ച നിലയിൽ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. കരിപ്പൂര്‍ കേസ് അന്വേഷിക്കുന്ന സംഘത്തിനാണ് സ്വര്‍ണം എത്തുന്ന വിവരം ലഭിച്ചത്.
രണ്ടു കിലോയോളം സ്വര്‍ണമാണ് പിടികൂടിയത്. പുലര്‍ച്ചെ ഒന്നോടെ അബുദാബിയില്‍ നിന്ന് കണ്ണൂരിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ മാലിന്യങ്ങള്‍ നീക്കിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
കൊറോണ കാരണം അബുദാബിയില്‍ നിന്ന് കണ്ണൂര്‍-കൊച്ചി സ്പെഷൽ സര്‍വീസ് നടത്തിയതായിരുന്നു വിമാനം. കണ്ണൂരില്‍ 33 യാത്രക്കാര്‍ ഇറങ്ങിയശേഷം വിമാനത്തിലെ ശുചിമുറിയിലേതടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് ട്രോളിയിലേക്ക് മാറ്റിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
ടോയ്ലറ്റ് മാലിന്യത്തില്‍നിന്ന് 2126 ഗ്രാം വരുന്ന പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം കണ്ടെത്തിയെങ്കിലും വേര്‍തിരിച്ചെടുത്തപ്പോള്‍ 1887 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. രണ്ടു പ്ലാസ്റ്റിക് കവറിലായിരുന്നു സ്വര്‍ണമുണ്ടായിരുന്നത്. സ്വര്‍ണം കൊണ്ടുവന്ന യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. പിടികൂടിയ സ്വര്‍ണത്തിന് 99,85905 രൂപ വിലവരും.
കടത്തിക്കൊണ്ടുവന്ന സ്വര്‍ണം പിടികൂടുന്നതിനു മുമ്പ് ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. മുമ്പും കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനത്തില്‍ ഉപേക്ഷിച്ചനിലയില്‍ സ്വര്‍ണം കണ്ടെടുത്തിരുന്നു. അഞ്ചാം തവണയാണ് ഉപേക്ഷിച്ചനിലയില്‍ സ്വര്‍ണം കണ്ടെത്തുന്നത്.