കൊടകര കുഴൽപ്പണ കവർച്ചക്കേസ്; ​ കെ സുരേന്ദ്രനെ പൊലീസ്​ ചോദ്യം ചെയ്യും; ഹാജരാകാൻ നോട്ടീസ്​ നൽകി

കോഴിക്കോട്​: കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ ​ബിജെപി സംസ്​ഥാന പ്രസിഡന്‍റ്​ കെ സുരേന്ദ്രനെ പൊലീസ്​ ചോദ്യം ചെയ്യും. ചൊവ്വാഴ്ച രാവിലെ പത്തിന്​ തൃശൂർ പൊലീസ്​ ക്ലബിൽ ഹാജരാകാൻ നോട്ടീസ്​ നൽകി. കോഴിക്കോ​ട്ടെ വീട്ടിലെത്തിയാണ്​ നോട്ടീസ്​ നൽകിയത്​.

കൊടകരയിൽ മൂന്നരക്കോടി രൂപ കുഴൽപണം കവർന്ന കേസിൽ കഴിഞ്ഞദിവസം രണ്ടുപേർ കൂടി അറസ്​റ്റിലായിരുന്നു. 15ാം പ്രതി കണ്ണൂർ മൊട്ടമ്മൽ പാറക്കടവ് ഷിൽനാ നിവാസിൽ ഷിഗിൽ (30), ഇയാളെ സഹായിച്ച കണ്ണൂർ പുല്ലൂക്കര പട്ടരുപിടിക്കൽ വീട്ടിൽ റാഷിദ് (26) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം തിരുപ്പതിയിൽനിന്ന്​ പിടികൂടിയത്. ഇതോടെ സ്ത്രീയുൾപ്പെടെ 23 പേരാണ്​ കേസിൽ അറസ്റ്റിലായിട്ടുള്ളത്​.

ഇതുവരെ ആർക്കും ജാമ്യം ലഭിച്ചിട്ടില്ല. പൊലീസ് കണ്ടെടുത്ത പണം തങ്ങളുടേതാണെന്ന്​ ചൂണ്ടിക്കാട്ടി, പണവും കാറും വിട്ടുകിട്ടാൻ ധർമരാജ്, യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്​, ഡ്രൈവർ ഷംജീർ എന്നിവർ നൽകിയ ഹരജിയിൽ ഇരിങ്ങാലക്കുട കോടതിയിൽ പണത്തി​ൻ്റെ രേഖകൾ ഹാജരാക്കാനായിട്ടില്ല. അതിനാൽ കേസ്​ 13ലേക്ക്​ മാറ്റിയിരിക്കുകയാണ്.

ഇതിനകം 1.42 കോടിയാണ്​ പൊലീസ് കണ്ടെത്തിയത്​. ഏപ്രിൽ മൂന്നിന് പുലർച്ചയാണ് കൊടകര മേൽപ്പാലത്തിന് സമീപം വാഹനാപകടമുണ്ടാക്കി പണമുണ്ടായിരുന്ന കാർ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവർന്നത്. തെരഞ്ഞെടുപ്പ് ആവശ്യത്തിന്​ ബിജെപിക്കെത്തിയ ഫണ്ടാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്.

കൂടുതൽ തെളിവെടുപ്പി​ൻ്റെ ഭാഗമായി നേരത്തെ ചോദ്യം ചെയ്തത് കൂടാതെ ബിജെപി നേതാക്കളെ വീണ്ടും ചോദ്യം ചെയ്യലിന്​ വിളിപ്പിച്ചേക്കുമെന്നാണ് അന്വേഷണ സംഘം സൂചന നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായാണ്​ ഇപ്പോൾ സംസ്​ഥാന പ്രസിഡന്‍റ്​ കെ സുരേന്ദ്രന്​ നോട്ടീസ്​ നൽകിയിരിക്കുന്നത്​.