കോഴിക്കോട്: കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്യും. ചൊവ്വാഴ്ച രാവിലെ പത്തിന് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാൻ നോട്ടീസ് നൽകി. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയത്.
കൊടകരയിൽ മൂന്നരക്കോടി രൂപ കുഴൽപണം കവർന്ന കേസിൽ കഴിഞ്ഞദിവസം രണ്ടുപേർ കൂടി അറസ്റ്റിലായിരുന്നു. 15ാം പ്രതി കണ്ണൂർ മൊട്ടമ്മൽ പാറക്കടവ് ഷിൽനാ നിവാസിൽ ഷിഗിൽ (30), ഇയാളെ സഹായിച്ച കണ്ണൂർ പുല്ലൂക്കര പട്ടരുപിടിക്കൽ വീട്ടിൽ റാഷിദ് (26) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം തിരുപ്പതിയിൽനിന്ന് പിടികൂടിയത്. ഇതോടെ സ്ത്രീയുൾപ്പെടെ 23 പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.
ഇതുവരെ ആർക്കും ജാമ്യം ലഭിച്ചിട്ടില്ല. പൊലീസ് കണ്ടെടുത്ത പണം തങ്ങളുടേതാണെന്ന് ചൂണ്ടിക്കാട്ടി, പണവും കാറും വിട്ടുകിട്ടാൻ ധർമരാജ്, യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്, ഡ്രൈവർ ഷംജീർ എന്നിവർ നൽകിയ ഹരജിയിൽ ഇരിങ്ങാലക്കുട കോടതിയിൽ പണത്തിൻ്റെ രേഖകൾ ഹാജരാക്കാനായിട്ടില്ല. അതിനാൽ കേസ് 13ലേക്ക് മാറ്റിയിരിക്കുകയാണ്.
ഇതിനകം 1.42 കോടിയാണ് പൊലീസ് കണ്ടെത്തിയത്. ഏപ്രിൽ മൂന്നിന് പുലർച്ചയാണ് കൊടകര മേൽപ്പാലത്തിന് സമീപം വാഹനാപകടമുണ്ടാക്കി പണമുണ്ടായിരുന്ന കാർ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവർന്നത്. തെരഞ്ഞെടുപ്പ് ആവശ്യത്തിന് ബിജെപിക്കെത്തിയ ഫണ്ടാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്.
കൂടുതൽ തെളിവെടുപ്പിൻ്റെ ഭാഗമായി നേരത്തെ ചോദ്യം ചെയ്തത് കൂടാതെ ബിജെപി നേതാക്കളെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കുമെന്നാണ് അന്വേഷണ സംഘം സൂചന നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് നോട്ടീസ് നൽകിയിരിക്കുന്നത്.