വീണ്ടും വിശദീകരണവുമായി ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് ; വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിച്ചാൽ 2000 രൂപ പിഴ

തിരുവനന്തപുരം: കയ്യിൽ ഫോൺ പിടിച്ചു സംസാരിക്കുന്നതും ബ്ലൂടൂത്ത് വഴി സംസാരിക്കുന്നതും ഒരുപോലെ. രണ്ടും ഡ്രൈവിങ്ങിലെ ശ്രദ്ധയെ ബാധിക്കുമെന്നതാണു ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിന്റെ വിശദീകരണം. ബ്ലൂടൂത്തിൽ സംസാരിച്ചാൽ പ്രശ്നമില്ലെന്ന വാർത്ത പ്രചരിച്ചതോടെയാണ് ഇക്കാര്യത്തിലുള്ള ഔദ്യോഗിക വിശദീകരണം.

വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നത് 2000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് വ്യക്തമാക്കി. മൊബൈൽ ഫോൺ കയ്യിൽ പിടിച്ചു സംസാരിക്കുന്നത് നേരത്തേ ലൈസൻസ് റദ്ദാക്കുന്ന കുറ്റമായിരുന്നെങ്കിലും 2019 ലെ കേന്ദ്ര മോട്ടർ വാഹന നിയമഭേദഗതി വന്നപ്പോൾ സെക്‌ഷൻ 184 (സി) വിഭാഗത്തിലേക്കു മാറ്റിയതോടെയാണ് 2000 രൂപ പിഴയായി മാറിയത്.

ഇതേ കുറ്റത്തിനു 3 വർഷത്തിനിടെ രണ്ടാമതും പിടിച്ചാൽ പിഴ 5000 രൂപയാണ്. മറ്റൊരാളുടെ സംസാരത്തിൽ ശ്രദ്ധിക്കുമ്പോൾ കാഴ്ചയിലും മറ്റു പ്രവർത്തനത്തിലും പൂർണമായും ശ്രദ്ധിക്കാനാകില്ല. എന്നാൽ, കാറിൽ പാട്ടുകേൾക്കുന്നത് ഇൗ ഗണത്തിൽ വരില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറ്റൊരാളുമായുള്ള ആശയവിനിമയമാണു ശ്രദ്ധ മാറ്റുന്നത്.