ഓരോരുത്തര്‍ അവരവരുടെ സംസ്‌കാരവും ജീവിതരീതിയും വച്ച്‌ ഓരോന്ന് പറയും; അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളുകയാണെന്ന് എസ്ഐ ആനി ശിവ

കൊച്ചി : ഓരോരുത്തര്‍ അവരവരുടെ സംസ്‌കാരവും ജീവിതരീതിയും വച്ച്‌ ഓരോന്ന് പറയും. അവരവരുടെ ബുദ്ധിയും ചിന്തകളും വച്ചത് അവര്‍ പോസ്റ്റിടുന്നു. അതിന്റെ പിന്നാലെ പോകാനോ കേസ് നടത്താനോ താല്‍പര്യമില്ല. അതിന്റെ ആവശ്യമില്ല. അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളുകയാണെന്ന് എസ് ഐ ആനി ശിവ.

പ്രതിസന്ധികളെ അതിജീവിച്ച് വിജയം കൈവരിച്ച് പെൺകരുത്തിൻ്റെ പ്രതീകമായി മാറിയ എസ് ഐ ആനി ശിവ വാർത്തകളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാൽ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ ആനി ശിവയെ വ്യക്തിപരമായി അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ച് രംഗത്തെത്തിയിരുന്നു. സംഗീത ലക്ഷ്മണയ്ക്കുള്ള മറുപടിയിലാണ് ആനി ശിവ തൻ്റെ നിലപാട് വ്യക്തമാക്കിയത്.

ആനി ശിവയുടെ വാക്കുകള്‍ ഇങ്ങനെ … ‘ഇത്രയും കാലവും എന്നെ എല്ലാവരും വിമര്‍ശിക്കുകയായിരുന്നു. ആരാണ് പിന്തുണച്ചത്? അത് കൊണ്ട് ഇതൊന്നും എന്നെ ബാധിക്കുന്നില്ല. പിന്നെ ഓരോരുത്തര്‍ അവരവരുടെ സംസ്‌കാരവും ജീവിതരീതിയും വച്ച്‌ ഓരോന്ന് പറയും. അവരവരുടെ ബുദ്ധിയും ചിന്തകളും വച്ചത് അവര്‍ പോസ്റ്റിടുന്നു. അതിന്റെ പിന്നാലെ പോകാനോ കേസ് നടത്താനോ താല്‍പര്യമില്ല. അതിന്റെ ആവശ്യമില്ല. അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളുകയാണ്.

എനിക്ക് അതിന്റെ പിന്നാലെ പോകേണ്ട കാര്യമില്ല. ആവശ്യമില്ലാത്തതിന്റെ പുറകെ പോകാന്‍ എനിക്ക് സമയമില്ല. എനിക്കെന്റെ മകനുണ്ട്. ജോലിയുണ്ട്. ജീവിതമുണ്ട്. വ്യക്തിപരമായി പരാതി കൊടുക്കാന്‍ താല്‍പര്യമില്ല. പക്ഷെ ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടാന്‍ പരാതിയുമായി സഹകരിക്കും.”