കൊച്ചി: മാർത്തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ദിനമായ നാളെ സീറോമലബാർ സഭാ സഭാദിനമായി ആചരിക്കും. കൊറോണ പശ്ചാത്തലത്തിൽ പൊതുസമ്മേളനവും ആഘോഷപരിപാടികളും ഒഴിവാക്കി.
നാളെ രാവിലെ 9.30ന് സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പതാക ഉയർത്തും. തുടർന്നു മേജർ ആർച്ച്ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ റാസ കുർബാനയുണ്ടാകും. താമരശേരി ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർ സഹകാർമികരാകും.
സഭാകാര്യാലയത്തിൽ സേവനം ചെയ്യുന്ന വൈദികരും സമർപ്പിതരും സഹോദരങ്ങളും റാസ കുർബാനയിൽ പങ്കുചേരും. സഭാ ദിനത്തോടനുബന്ധിച്ചു മേജർ ആർച്ച്ബിഷപ് പുറപ്പെടുവിച്ച സർക്കുലർ സീറോമലബാർ സഭയിലെ എല്ലാ രൂപതകളിലെയും പള്ളികളിൽ ഞായറാഴ്ച വായിച്ചിരുന്നു.