എസ്.പി പൂങ്കുഴലിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പീഡനത്തിന് ഇരയായ യുവതിയുടെ ഹർജി

തൃശൂര്‍: തൃശൂര്‍ എസ്​.പി ജി. പൂങ്കുഴലിക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ പീഡനത്തിന്​ ഇരയായ യുവതി സംസ്ഥാന പൊലീസ്​ മേധാവിക്ക്​ ഹർജി നല്‍കി. പ്രതിയുടെ സ്വാധീനത്തിന്​ വഴങ്ങി വ്യക്തിവിവരങ്ങള്‍ പൊതുചര്‍ച്ചക്ക്​ വിധേയമാക്കി അപമാനിച്ച എസ്​പിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം നീതി നല്‍കില്ലെന്ന്​ ഹർജിയില്‍ ആരോപിക്കുന്നു.എസ്​എച്ച്‌​ഒ സിബിനെതിരേയും നടപടി വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

തൃശൂര്‍ പ്രസ്​ ക്ലബില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിനു ശേഷം താനും പ്രതിയുമായി നിയമയുദ്ധങ്ങള്‍ നടക്കുന്നുണ്ടെന്ന്​ എസ്​.പി അഭിപ്രായ പ്രകടനം നടത്തിയിരുന്നു. എന്നാല്‍, താനോ കുടുംബമോ പ്രതിക്കെതിരെ സിവിലായോ ക്രിമിനലായോ ഒരു പരാതി പോലും നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ എസ്പി വാര്‍ത്തലേഖകരോട്​ പറഞ്ഞത്​ പ്രതിയെ സഹായിക്കാനാണെന്നും അവര്‍ ഹർജിയില്‍ ആരോപിച്ചു.