പുതിയ ഡിജിപി ആര്?; അനിൽ കാന്തോ, ബി സന്ധ്യയോ; ബെഹ്റ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവാകും; തീരുമാനം ഇന്ന്

തിരുവനന്തപുരം: പോലീസ് മേധാവി സ്ഥാനത്തുനിന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ വിരമിക്കുന്ന സാഹചര്യത്തിൽ പുതിയ ഡിജിപിയെ സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. യു പി എസ് സി അംഗീകരിച്ച പട്ടികയിലുള്ളവരിൽ നിന്നാണ് സ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ സർക്കാർ നിയമിക്കുന്നത്. സാധ്യതയില്‍ മുന്നില്‍ അനില്‍ കാന്താണങ്കിലും ബി സന്ധ്യയും സുദേഷ്കുമാറും സജീവ പരിഗണനയിലുണ്ട്. വിരമിക്കുന്ന ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് ഇന്ന് ഔദ്യോഗിക പരേഡോട് കൂടി യാത്രയയപ്പ് നല്‍കും.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ കൂടുതലും അനില്‍കാന്തിനാണ്. ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുമുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ പ്രധാനപദവികള്‍ വഹിച്ചതും നിലവിലെ പൊലീസ് സംവിധാനത്തിനൊപ്പം ചേര്‍ന്ന് പോകുന്നതുമാണ് യോഗ്യതയായി ഉയര്‍ത്തുന്നത്. പക്ഷെ ജനുവരിയില്‍ വിരമിക്കുമെന്നത് തിരിച്ചടിയായേക്കാം.

സീനിയോരിറ്റി പരിഗണിച്ചാല്‍ സുദേഷ്കുമാറിന് അനുഗ്രഹമാവും. കേന്ദ്ര ഏജന്‍സികളിലടക്കം പ്രവര്‍ത്തിച്ച് ഡെല്‍ഹി ബന്ധമുള്ളതിനാല്‍ ബെഹ്റയുടെ ഉത്തമ പിന്‍ഗാമിയെന്ന വാദം അദേഹത്തെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്നുണ്ട്. പക്ഷെ ദാസ്യപ്പണി ആരോപണം കളങ്കമായി തുടരുകയാണ്.

ഇവിടെയാണ് സന്ധ്യയുടെ സാധ്യത തെളിയുന്നത്. സന്ധ്യ ഡിജിപിയായാൽ സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയെന്ന പദവിയും ഇവർക്കാകും. സ്ത്രീ പീഡനക്കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സന്ധ്യയെ ഡിജിപിയാക്കണമെന്ന് വാദിക്കുന്നവരുണ്ട് സിപിഎമ്മിൽ. എന്തായാലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാകും.

ബെഹ്റയെ കേരളത്തില്‍ ഏതെങ്കിലുമൊരു സുപ്രധാന പദവിയില്‍ നിലനിർത്തും. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് സ്ഥാനത്തേക്ക് കൊണ്ടുവരുമെന്നാണ് വിവരം. ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കം വരെ, നീണ്ട അഞ്ച് വര്‍ഷക്കാലം. ഒരു സര്‍ക്കാരിനൊപ്പം പൂര്‍ണമായും പൊലീസ് മേധാവിയായ ആളാണ് ബഹ്റ.

ഏറ്റവും നീണ്ടകാലം ആ പദവിയിലിരുന്നയാള്‍.ഈ രണ്ട് നേട്ടങ്ങളുമായി ലോക്നാഥ് ബെഹ്റയുടെ 36 വര്‍ഷം നീണ്ട പൊലീസ് കരിയറിന് വിരാമമാവുകയാണ്. ഇന്ന് രാവിലെ പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ യാത്രയയപ്പ് പരേഡും സ്വീകരിച്ച് പടിയിറക്കം. പിന്നീടുള്ള ആകാംക്ഷ മുഴുവന്‍ മന്ത്രിസഭായോഗത്തിലേക്കാണ്.