തൃശ്ശൂർ: കൊടകര കുഴപ്പണ കേസിൽ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. മുഹമ്മദ് അലി, സുജീഷ്, ദീപക്, ഷുക്കൂർ, അബ്ദുൾ റഹീം,ദീപ്തി എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ല കോടതി തള്ളിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടു കോടിയോളം രൂപ ഇനിയും കണ്ടെത്താനുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്.
അതേസമയം പിടിച്ചെടുത്ത പണം വിട്ടു കിട്ടണമെന്ന ഹർജിയിൽ പണത്തിൻ്റെ സ്രോതസ്സ് വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന് ധർമരാജൻ ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. ധർമ്മരാജൻ്റെ ഹർജി കോടതി ജൂലൈ 20ന് പരിഗണിക്കും. കാറിൽ മൂന്നരക്കോടിയുണ്ടായിരുന്നുവെന്ന് ധർമ്മരാജ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെയായി ഒന്നരക്കോടിയോളമാണ് കണ്ടെടുത്തത്.
എഴുപത് ലക്ഷം രൂപയുടെ വിവിധ ഇടപാടുകൾ നടന്നതിൻ്റെ രേഖകൾ പ്രതികളെ ചോദ്യം ചെയ്തുള്ള അന്വേഷണത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് കവർച്ചാ പണവുമായി ബന്ധപ്പെതല്ലെന്നാണ് കരുതുന്നത്. ബാക്കിയുള്ള പണം പൂർണമായും കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് പൊലീസ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകൾ കേന്ദ്രീകരിച്ചുള്ള പൊലീസിൻ്റെ അന്വേഷണം തുടരുകയാണ്.