ശ്രീധന്യ സുരേഷ് ഇനി പെരിന്തൽമണ്ണ സബ് കലക്ടർ

പെരിന്തൽമണ്ണ: ആദിവാസി വിഭാഗത്തിൽനിന്ന് ആദ്യമായി സിവിൽ സർവിസ് നേടിയ ശ്രീധന്യ സുരേഷ് ഇനി പെരിന്തൽമണ്ണയിൽ സബ് കലക്ടർ. കോഴിക്കോട് അസി. കലക്ടറായി ഒരുവർഷം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ പെരിന്തൽമണ്ണ സബ് കലക്ടറായെത്തുന്നത്.

വയനാട് വൈത്തിരി പൊഴുതന സുരേഷ്- കമല ദമ്പതികളുടെ മകളാണ്. 2019ൽ ഐ.എ.എസ് പൂർത്തിയാക്കിയ എട്ടുപേർക്കും സ്ഥാനമാറ്റം ലഭിച്ചിട്ടുണ്ട്. പെരിന്തൽമണ്ണയിൽ അടുത്തയാഴ്ച ചുമതലയേൽക്കും. നിലവിൽ പെരിന്തൽമണ്ണയിൽ സബ്​ കലക്ടറായ കെ.എസ്. അഞ്ജു പുതിയ ചുമതലകളോടെ മാറി.

കുറിച്യ വിഭാഗത്തിൽപ്പെട്ട ശ്രീധന്യ, 2019 ബാച്ച്‌ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. 410ാം റാങ്ക് നേടി വിജയിച്ചതോടെ, കേരളത്തിൽ ആദ്യമായി ആദിവാസി സമൂഹത്തിൽനിന്ന്​ സിവിൽ സർവിസ് നേടുന്നയാളെന്ന നേട്ടവും ഇവർ സ്വന്തമാക്കിയിരുന്നു.

വയനാട് തരിയോട് നിർമല ഹൈസ്‌കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇവർ, കോഴിക്കോട് ദേവഗിരി കോളജിൽനിന്ന് സുവോളജിയിൽ ബിരുദവും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്നാണ് സിവിൽ സർവിസ് നേട്ടം കൈവരിച്ചത്. രണ്ടാമത്തെ പരിശ്രമത്തിലാണ് ശ്രീധന്യക്ക്​ നേട്ടം ലഭിച്ചത്.