കൊച്ചി: നിക്ഷേപ പദ്ധതിക്കായി സര്‍ക്കാരുമായി ഉണ്ടാക്കിയ 3500 കോടിയുടെ ധാരണാപത്രത്തില്‍ നിന്ന് പിന്മാറുന്നതായി കിറ്റെക്സ്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ തുടര്‍ച്ചയായി പരിശോധന നടത്തി ബുദ്ധിമുട്ടിക്കുന്നതായി കിറ്റക്‌സ് എംഡി സാബു ജേക്കബ് പറഞ്ഞു.
ഒരു അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും നിര്‍മ്മിക്കാനായിരുന്നു കിറ്റെക്‌സ് ധാരണപത്രം ഒപ്പിട്ടത്. 20000പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന അപ്പാരല്‍ പാര്‍ക്കും തിരുവനന്തപുരത്തും എറണാകുളത്തും പാലക്കാടും ആയി 5000 പേര്‍ക്ക് വീതം തൊഴില്‍ ലഭിക്കുന്ന 3 ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും അടക്കം 35000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയുടെ ധാരണാ പത്രമാണ് അന്ന് ഒപ്പിട്ടത്.
എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കിറ്റെക്സില്‍ 11 പരിശോധനങ്ങള്‍ നടത്തി. ഇതില്‍ തെറ്റായി ഒന്നും സര്‍ക്കാര്‍ കണ്ടെത്തിയില്ലെന്നും കിറ്റെക്സ് പറയുന്നു. ഇത്തരം തുടര്‍ച്ചയായ പരിശോധനകള്‍ മൂലം വ്യവസായത്തെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.
വ്യവസായ സൗഹാര്‍ദമല്ലാത്ത അവസ്ഥയാണെന്നും കിറ്റക്‌സ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. 2020 ജനുവരിയില്‍ കൊച്ചിയിൽ നടന്ന അസെന്റ് ആഗോള നിക്ഷേപ സംഗമത്തിലാണ് 3500 കോടിയുടെ നിക്ഷേപത്തിന് കിറ്റെക്‌സ് സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടത്.