തിരുവനന്തപുരം: സ്കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം. സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
സ്കൂളുകൾ തുറന്ന ശേഷം മാത്രമേ ജോലിയിൽ പ്രവേശിപ്പിക്കൂവെന്ന നിയമസഭയിലടക്കം മുഖ്യമന്ത്രി വ്യക്തമാക്കിയ തീരുമാനം മാറ്റിയാണ് ഇവരെ ജോലിയിൽ പ്രവേശിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എയ്ഡഡ് സ്കൂളുകളിൽ 4000 അധ്യാപകർക്കും, സർക്കാർ സ്കൂളുകളിൽ 3216 അധ്യാപകർക്കും ജോലിയിൽ പ്രവേശിക്കാനാകും.
സർക്കാർ മേഖലയിൽ 2513 പേർ നിയമന ഉത്തരവും 788 പേർ നിയമന ശുപാർശയും ലഭിച്ചവരാണ്. നിയമന ഉത്തരവ് ലഭിച്ചവരെ ജോലിയിൽ പ്രവേശിപ്പിക്കാനാണ് തീരുമാനം. ഡിജിറ്റൽ ക്ലാസുകൾ മുന്നോട്ടു കൊണ്ടു പോകാൻ അധ്യാകരുടെ കുറവ് വലിയ തിരിച്ചടിയാകുന്ന ഘട്ടത്തിലാണ് സർക്കാർ നിർണായക തീരുമാനമെടുത്തത്.
യോഗത്തിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിങ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ജനറൽ ഓഫ് എജുക്കേഷൻ കെ. ജീവൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.