കൊച്ചി : കസ്റ്റംസ് കസ്റ്റഡിയിലുള്ള കരിപ്പൂർ കേന്ദ്രീകരിച്ച് വൻ സ്വർണക്കടത്ത് നടത്തുന്ന സംഘത്തിന്റെ തലവനും സിപിഎം നേതാവുമായിരുന്ന അർജുൻ ആയങ്കിയെ വൈകീട്ടോടെ അറസ്റ്റ് ചെയ്യും. കസ്റ്റംസ് അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. നോട്ടീസ് ലഭിച്ചതുപ്രകാരം ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിൽ ഹാജരായ അർജുനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.
അർജുന്റെ സാമ്പത്തിക സ്രോതസ്സുകൾ കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യൽ എന്നാണ് സൂചന.
ഇതിനിടെ കരിപ്പൂരിൽ നിന്നും അറസ്റ്റിലായ മുഹമ്മദ് ഷെഫീഖിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നൽകിയ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. ഇതോടെ ഇന്ന് ഷെഫീഖിനെയും കൊച്ചിയിൽ എത്തിക്കും.
ഷെഫീഖിനെയും അർജുനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. അർജുനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് നൽകിയത് ഷെഫീഖ് ആണ്. ഏഴ് ദിവസമാണ് ഷെഫീഖിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രകൻ അർജ്ജുൻ ആയങ്കിയാണെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കോടതിയിൽ അറിയിച്ചു.
അർജ്ജുന്റെ പങ്ക് തെളിയിക്കുന്ന മുഹമ്മദ് ഷെഫീഖുമായി നടത്തിയ ഫോൺ കോൾ വിവരങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതോടെയാണ് കസ്റ്റഡിയിൽ എടുക്കാൻ കോടതി അനുമതി നൽകിയത്. അതേസമയം അർജുന്റെ സുഹൃത്തും സ്വർണം കടത്താൻ അർജുൻ ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമയുമായ സജേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്യും.