പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി; ഹൈക്കോടതി ഉത്തരവിനെതിരേ കേരളം സുപ്രീംകോടതിയിൽ

ന്യൂഡെൽഹി: ദേശീയ പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി അനുവദിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ കേരളം സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോൺ ആയി പ്രഖ്യാപിക്കാത്തതിനാൽ അവധി അനുവദിച്ചതിൽ തെറ്റില്ലെന്ന് സംസ്ഥാന സർക്കാർ അപ്പീലിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരേ 2019 ജനുവരി 8, 9 തീയതികളിൽ നടന്ന പണിമുടക്കിൽ ബിഎം എസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകൾ പങ്കെടുത്തിരുന്നു. ഇതിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് അവധിയോടെ ശമ്പളം അനുവദിക്കാനുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ജനുവരി 31 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. രണ്ട് മാസത്തിനകം ശമ്പളം തിരിച്ച് പിടിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.

ഹൈക്കോടതിയുടെ ഈ ഉത്തരവിന് എതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറിയും, പൊതുഭരണ, ധനകാര്യ സെക്രട്ടറിമാരും ആണ് ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
പണിമുടക്കിൽ പങ്കെടുത്തുള്ളവർക്ക് മുമ്പും ശമ്പളത്തോടെ അവധി അനുവദിച്ചിട്ടുണ്ട് എന്ന് അപ്പീലിൽ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഓഫീസിൽ ഹാജരാകാത്ത എല്ലാവരും പൊതു പണിമുടക്കിനോട് യോജിപ്പ് ഉള്ളവർ ആയിരുന്നില്ല. വാഹന സൗകര്യവും മറ്റും ഇല്ലാത്തതിനാലും ചിലർക്ക് ഓഫീസിൽ എത്താൻ ആയില്ല. കൃത്യമായ കാരണങ്ങൾ ബോധിപ്പിക്കുന്നവർക്ക് മാത്രമാണ് അവധി അനുവദിക്കുന്നത്.
ശമ്പളത്തോടെ അവധി അനുവദിക്കുന്നത് സർക്കാരിന് അധിക ബാധ്യത ഉണ്ടാക്കുന്നില്ലെന്നും സ്റ്റാൻഡിങ് കൗൺസിൽ സി കെ ശശി ഫയൽ ചെയ്ത അപ്പീലിൽ വ്യക്തമാക്കിയിട്ടുണ്ട്.

പണിമുടക്ക് ദിവസം ജോലിക്കു ഹാജരാകാത്തവർക്കു ശമ്പളത്തിന് അർഹതയില്ലെന്നു കാണിച്ച് പൊലീസ് ഫിംഗർപ്രിന്റ് ബ്യൂറോ റിട്ട. ഡയറക്ടർ ജി. ബാലഗോപാലൻ ആണു കോടതിയിലെത്തിയത്.