സിപിഎം പ്രവർത്തകയെ മർദ്ദിച്ച കേസിലെ പ്രതിക്ക് ഡിവൈഎഫ്ഐ സംരക്ഷണം; സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കാമ്പയിന് പ്രതിയുടെ സാന്നിധ്യത്തിൽ തീരുമാനം

തിരുവനന്തപും: ആറ്റുകാലിൽ സിപിഎം പ്രവർത്തക ഗോപികയെ മർദ്ദിച്ച കേസിലെ പ്രതിക്ക് ഡിവൈഎഫ്ഐ സംരക്ഷണം ഒരുക്കുന്നതായി പരാതി. മർദ്ദന കേസിലെ പ്രതി സായി കൃഷ്ണ ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്തായി.

ഗോപികയുടെ പരാതി നിലനിൽക്കെ പ്രതിയുടെ സാന്നിദ്ധ്യത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള സംസ്ഥാനതല ക്യാമ്പയിൻ വിജയിപ്പിക്കാൻ തീരുമാനമെടുത്താണ് ഡിവൈഎഫ്ഐ ചാല ഏരിയ കമ്മിറ്റി യോഗം പിരിഞ്ഞത്. യോഗത്തിൽ പങ്കെടുക്കുന്ന സമയം തന്നെ പൊലീസിനെ അറിയിച്ചിട്ടും അറസ്റ്റ് ചെയ്യാൻ ഒരു നടപടിയും ഉണ്ടായില്ലെന്ന് സിപിഎം പ്രവർത്തകയായിരുന്ന ഗോപിക പറയുന്നു.

നേമം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ ഡിവൈഎഫ്ഐ പ്രവർത്തകനായ സായി കൃഷ്ണ മർദ്ദിച്ചുവെന്നാണ് സിപിഎം പ്രവർത്തകയായിരുന്ന ഗോപിക പൊലീസിന് നൽകിയ പരാതി. ഡിവൈഎഫ്ഐയിലെ ആഭ്യന്തര പ്രശ്നങ്ങളുടെ ഭാഗമായുള്ള വാക് തർക്കത്തിനിടെയായിരുന്നു മർദ്ദനം. പരസ്യമായി മർദ്ദനമേറ്റിട്ടും പാർട്ടി കൈയ്യൊഴിഞ്ഞതോടെയാണ് ഗോപിക ഏപ്രിൽ മാസം മാധ്യമങ്ങളെ കണ്ടത്. ഇതോടെ സിപിഎം ഗോപികയെ കൈവിട്ടു, പ്രതിക്ക് സംരക്ഷണവും.

രണ്ട് മാസമായിട്ടും സായ് കൃഷ്ണയെ പൊലീസ് പിടികൂടിയില്ല. ഇന്നലെ സായികൃഷ്ണ സിപിഎം ചാല ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ഡിവൈഎഫ്ഐ യോഗത്തിലും പങ്കെടുത്തു. പ്രതിക്ക് കൊറോണ ബാധിച്ചതിനാൽ ഒരുമാസം പിടികൂടാനായില്ലെന്നാണ് പൂന്തുറ പൊലീസിന്‍റെ മറുപടി.

ഇപ്പോൾ ഹൈക്കോടതിയിൽ ജാമ്യഹർജി നിൽക്കുന്നതാണ് തടസമെന്ന് സിഐ പറയുന്നു. വനിതാ പ്രവർത്തകയെ മർദ്ദിച്ച കേസിൽ സായ്കൃഷ്ണനെതിരെ സംഘടനാ തലത്തിൽ ഡിവൈഎഫ്ഐ നടപടി എടുത്തിട്ടില്ല.