അർബൻ സഹകരണ ബാങ്കുകളുടെ ഉന്നത പദവികളിൽ ജനപ്രതിനിധികൾ പാടില്ലെന്ന് ആർബിഐ

മുംബൈ: അർബൻ സഹകരണ ബാങ്കുകളിലെ ഉന്നത പദവികളിലേക്കുളള നിയമനങ്ങളിൽ മാറ്റം. ബാങ്കുകളുടെ മാനേജിംഗ് ഡയറക്ടർ, മുഴുവൻ സമയ ഡയറക്ടർ തസ്തികകളിലേക്ക് ഇനിമുതൽ ജനപ്രതിനിധികളെ നിയമിക്കാനാകില്ല.

നിലവിലെ ഡയറക്ടർമാരുടെയും എംഡിമാരുടെയും കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകണം നിയമനം. ഇതിന് റിസർവ് ബാങ്കിന്റെ അംഗീകരവും വാങ്ങണം. നിയമിക്കപ്പെടുന്ന വ്യക്തിയെ 15 വർഷത്തിലധികം തസ്തികളിൽ നിലനിർത്താനും കഴിയില്ല.

ഇത്തരം തസ്തികകളിലേക്ക് എംപി, എംഎൽഎ, തദ്ദേശ സ്വയം ഭരണ പ്രതിനിധികൾ തുടങ്ങിയ സ്ഥാനങ്ങളിലിരിക്കുന്നവരെ നിയമിക്കാൻ പാടില്ല.
ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ റിസർവ് ബാങ്കാണ് പുറപ്പെടുവിച്ചത്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവരും ഉന്നത പദവികളിൽ നിയമിതരാകാൻ യോഗ്യരല്ല.

നിയമനം ലഭിക്കുന്നവർ 35 വയസ്സിന് മുകളിലുളളവരും ബിരുദാനന്തര ബിരുദധാരികളുമായിരിക്കണം. ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ്, എംബിഎ (ഫിനാൻസ്), ബാങ്കിംഗ് അല്ലെങ്കിൽ സഹകരണ ബിസിനസ് മാനേജ്‌മെന്റ് ഡിപ്ലോമ എന്നീ യോഗ്യതകളിലൊന്നും ആവശ്യമാണ്.