വിയ്യൂര്‍ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: വിയ്യൂര്‍ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ തമ്മിൽ ഏറ്റുമുട്ടി. ഒരാളുടെ തലക്ക് പരിക്കേറ്റു. ജയിലിലെ അടുക്കള ജോലിയിലുള്ള തടവുകാരാണ് ഏറ്റുമുട്ടിയത്. കൊല്ലം ജില്ലയിൽ ഗുണ്ടാ ആക്ടിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന കൊല്ലം ശക്തികുളങ്ങര സ്വദേശി നിഥിൻ ദാസ്, മലപ്പുറം വളാഞ്ചേരി സ്വദേശി മുഹമ്മദ് സാദിഖ് എന്നിവരാണ് തമ്മിൽ തല്ലിയത്.

മുഹമ്മദ് സാദിഖിന്‍റെ തലക്കാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഗ്ളാസ് കഴുകുന്നത് സംബന്ധിച്ച തർക്കമാണ് ഏറ്റുമുട്ടലിലെത്തിയത്. സംഭവത്തില്‍ വിയ്യൂർ പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ 18ന് കൊലക്കേസിലെ പ്രതികൾ തമ്മിൽ ജയിലില്‍ ഏറ്റുമുട്ടിയിരുന്നു.