ലഹരി ഹോട്ട് സ്പോട്ടുകൾ കണ്ടെത്തുന്നതിന് സർവേ; രാജ്യത്ത് ഏറ്റവും കൂടുതൽ ലഹരി ഉപയോഗമുള്ള ജില്ലകളിൽ എറണാകുളവും

കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതൽ ലഹരി ഉപയോഗമുള്ള ജില്ലകളിൽ എറണാകുളവും. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ കണക്കനുസരിച്ചാണിത്. രാജ്യത്തെ 272 ജില്ലകളിൽ ഒന്നായാണ് എറണാകുളവും ലഹരി ഉപയോഗത്തിന്റെ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളും പട്ടികയിലുണ്ട്.

കേരളത്തിൽ മദ്യം ഉപയോഗിക്കുന്നത് 29.3 ശതമാനം പുരുഷൻമാരാണ്. ഇത് ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്. കഞ്ചാവിന്റെ ഉപയോഗം കേരളത്തിൽ ദേശീയ ശരാശരിയെക്കാൾ കുറവാണ്. ഇന്ത്യയിലാകെ 1.2 ശതമാനമാണ് കഞ്ചാവിന്റെയും മറ്റും ഉപയോഗമെങ്കിൽ കേരളത്തിലിത് 0.1 ശതമാനം മാത്രമാണ്.

എറണാകുളം ജില്ലയിലെ 100 പുരുഷൻമാരിൽ 29 പേരും മദ്യം ഉപയോഗിക്കുന്നവരാണെന്നാണ് കണ്ടെത്തൽ. ഇത് ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ സന്ദേശമുയർത്തി നശാമുക്ത് കാമ്പയിൻ ശക്തമാക്കുകയാണു ജില്ലയിൽ. ലഹരി ഉപയോഗത്തിന്റെ ഹോട്ട് സ്പോട്ടുകൾ കണ്ടെത്തുന്നതിന് ജില്ല സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

നശാമുക്ത് ഭാരത് അഭിയാൻലഹരി ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ‘നശാമുക്ത് ഭാരത് അഭിയാൻ’ എന്ന പദ്ധതി കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം മുന്നോട്ടുെവച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ പദ്ധതി തുടങ്ങാനാണ് നിർദേശിച്ചത്. പത്തുലക്ഷം രൂപ വീതം ജില്ലകൾക്ക് നൽകുകയും ചെയ്തു. പക്ഷേ, കൊറോണ കാരണം പദ്ധതി കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാനായില്ല. ഇപ്പോൾ പദ്ധതി ശക്തമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.