എംസി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനം രാജിവച്ചു

തിരുവനന്തപുരം: എം സി ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു. പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായി സംസാരിച്ചതിനെ തുടര്‍ന്ന് വലിയ തോതിലുള്ള പ്രതിഷേധം ജോസഫൈന് എതിരെ ഉയര്‍ന്ന സാഹചര്യത്തിലാണ് രാജി. പ്രതിഛായ വഷളായപ്പോൾ സിപിഎം നേതൃത്വം ഇടപെട്ട് ജോസഫൈന്‍ രാജിവയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു. വിവാദത്തിൽ ജോസഫൈൻ വിശദീകരണം നൽകിയെങ്കിലും പാർട്ടിയിൽ പിന്തുണ ലഭിച്ചില്ല. പാർട്ടിക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടായ പ്രതികരണമാണ് ജോസഫൈന്റേതെന്ന് വിമർശനം ഉയർന്നു. സ്ഥാനം രാജിവെക്കണമെന്ന് പാർട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു.

പതിനൊന്ന് മാസം കാലാവധി അവശേഷിക്കുമ്പോഴാണ് ജോസഫൈന്റെ രാജി. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സിപിഎം നേതാക്കൾ ആരും ജോസഫൈനെ പിന്തുണച്ചില്ല. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി റഹീം മാത്രമാണ് രാജിവെക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടത്. ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെമ്പാടും പ്രതിഷേധങ്ങൾ ഉയർന്ന ഘട്ടത്തിലാണ് രാജി.

പ്രമുഖ വാർത്താ ചാനലിൽ തത്സമയ പരിപാടിയിൽ പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയതാണ് പിണറായി പക്ഷക്കാരി കൂടിയായ ജോസഫൈന് വിനയായത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പൊതു സമൂഹത്തിൽ പാർട്ടിയിൽ നിന്ന് പോലും ഇവർക്ക് പിന്തുണ കിട്ടിയില്ല. പാർട്ടി കേന്ദ്രകമ്മിറ്റിയംഗം കെകെ ശൈലജയടക്കം പരോക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. മുൻമന്ത്രി പികെ ശ്രീമതിയും ജോസഫൈനെതിരേ രംഗത്ത് വന്നിരുന്നു.