ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച പ്രഥമ വിമാനവാഹിനി കപ്പൽ ഐഎന്‍എസ് വിക്രാന്ത് അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യും

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച പ്രഥമ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് അടുത്ത വര്‍ഷം
കമ്മീഷന്‍ ചെയ്യും. 262 മീറ്റര്‍ നീളവും 63 മീറ്റര്‍ വീതിയുമുള്ള വിക്രാന്ത്രിന് ഏകദേശം 40000 ടണ്‍ കേവ് ഭാരമാണ് ഉള്ളത്. യുദ്ധവിമാനങ്ങള്‍ പറന്നുയരാന്‍ രണ്ടു റണ്‍വേകളാണ് വിക്രാന്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.

യുദ്ധവിമാനം വഹിക്കുന്ന മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുടെ ഭാരത്തിന്റെ അടിസ്ഥാനത്തിലാണ് റണ്‍വേ നിശ്ചയിക്കുന്നത്. കൂടിയ ഭാരവുമായി പറുന്നുയരുന്ന യുദ്ധവിമാനത്തിന് 203 മീറ്ററിന്റെ റണ്‍വേയും കുറഞ്ഞ ഭാരവുമായി പറന്നുയരുന്ന വിമാനത്തിന് 141 മീറ്ററിന്റെ റണ്‍വേയുമാണ് ഉപയോഗിക്കുക. പറന്നിറങ്ങാന്‍ 190 മീറ്ററിന്റെ മൂന്നാമത്തെ റണ്‍വേയാണ് ഉപയോഗിക്കുക.

ചെറിയ ദൂരത്തില്‍ പരമാവധി വേഗത്തില്‍ പറന്നുയരുന്നതിന് റഷ്യന്‍ നിര്‍മ്മിത റിസ്‌ട്രെയിനിംഗ് സംവിധാനവും റണ്‍വേകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ചെറിയ റണ്‍വേയില്‍ ഇറങ്ങുന്ന യുദ്ധവിമാനത്തിന്റെ വേഗം കുറച്ച് വിമാനത്തെ റണ്‍വേയില്‍ പിടിച്ചു നിര്‍ത്തുന്ന റഷ്യനിര്‍മ്മിത അറസ്റ്റിംഗ് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. 190 മീറ്റര്‍ റണ്‍വേയില്‍ മൂന്ന് അറസ്റ്റിംഗ് സംവിധാനമാണ് നല്‍കിയിരിക്കുന്നത്.

1.20 കിലോമീറ്റര്‍ കിലോമീറ്റര്‍ റണ്‍വേയില്‍ മാത്രം പറന്നുയരുന്ന യുദ്ധവിമാനങ്ങളെ വിക്രാന്തിലെ ചെറിയ റണ്‍വേയില്‍ പറന്നുയരാനും ഇറങ്ങാനും സഹായിക്കുന്നത് റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത അറസ്റ്റിംഗ്, റിസ്‌ട്രെയ്‌നിങ് സംവിധാനങ്ങളാണ്. വിവിധ ഡെക്കുകളിലായി 2400 കമ്പാര്‍ട്ട്‌മെന്റുകളാണുള്ളത്. ഇതില്‍ 1850 കമ്പാര്‍ട്ട്‌മെന്റുകള്‍ താമസത്തിനും ഓഫീസ് ആവശ്യങ്ങള്‍ക്കും യുദ്ധതന്ത്രപ്രധാനമായ ആവശ്യങ്ങള്‍ക്കുമാണ് വിനിയോഗിക്കുക.

ബാക്കിയുള്ള കമ്പാര്‍ട്ട്‌മെന്റുകള്‍ ഉപകരണങ്ങളും ആയുധങ്ങളും മറ്റും സൂക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ്. യുദ്ധവിമാനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഹാങ്ങര്‍ ഡെക്ക് ഉള്‍പ്പെടെ 15 ഡെക്കുകളാണ് കപ്പലിന് ഉള്ളത്. ഹാങ്ങര്‍ ഡെക്കില്‍ ഒരേസമയം 20 യുദ്ധവിമാനങ്ങള്‍ സൂക്ഷിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനുമുള്ള സൗകര്യമുണ്ട്. ഹാങ്ങര്‍ ഡെക്കില്‍ നിന്നും യുദ്ധവിമാനങ്ങള്‍ ലിഫ്റ്റിലൂടെ ഫ്‌ലൈറ്റ് ഡെക്കിലെത്തിക്കാനുള്ള സംവിധാനം വിക്രാന്തില്‍ ഒരുക്കിയിട്ടുണ്ട്.

പ്രവര്‍ത്തനസജ്ജമായി നീറ്റിലിറങ്ങുന്നതോടെ 100 ഓഫീസര്‍മാരും 1500 നാവികരുമാണ് കപ്പലില്‍ ഉണ്ടാവുക. ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച 20000 ടണ്‍ ഉരുക്കാണ് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. കപ്പലിന് ആവശ്യമായ യന്ത്രഭാഗങ്ങളുടെ 70 ശതമാനവും മറ്റു ഉപകരണങ്ങളുടെ 80 ശതമാനവും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്. കപ്പലിന് ഊര്‍ജ്ജം നല്‍കുന്നത്
അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലട്രിക്കിന്റെ ഗ്യാസ് ടര്‍ബൈനുകളാണ്.

36 മുതല്‍ 40 വരെ യുദ്ധവിമാനങ്ങളെ വഹിക്കാന്‍ ഐ.എന്‍.എസ് വിക്രാന്തിന് കഴിയും. റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനമായ മിഗ് 29 കെ, റഷ്യന്‍നിര്‍മ്മിത
ഹെലികോപ്റ്റര്‍ കമോവ് കെ.എ-31, ഇന്ത്യന്‍ നിര്‍മ്മിത എച്ച്.എ.എല്‍ ദ്രുവ് ഹെലികോപ്റ്റര്‍ എന്നിവയായിരിക്കും നാവിക സേന തങ്ങളുടെ പ്രഥമ വിമാനവാഹിനി കപ്പലില്‍ വിന്യസിക്കുക.