വഴിവിട്ട ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദനവും; കിരൺ കുമാറിനെതിരെ വിജിലൻസ് അന്വേഷണവും

കൊല്ലം: വിസ്മയയുടെ മരണത്തിൽ റിമാൻഡിൽ കഴിയുന്ന അസിസ്റ്റന്റ് എംവിഐ എസ് കിരൺ കുമാറിനെതിരെ വിജിലൻസും അന്വേഷണം തുടങ്ങി. കിരണിന്റെ വഴിവിട്ട ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദനവുമൊക്കെയാണ് അന്വേഷണ പരിധിയിലുള്ളത്. കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർടിഒയിലെ അസിസ്റ്റന്റ് എംവിഐയാണ് നിലവിൽ കിരൺ.

ജോലിയിൽ കിരൺ നടത്തിയ വഴിവിട്ട ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രാഥമിക പരിശോധനയിൽ ചില പൊരുത്തക്കേടുകൾ ബോധ്യപ്പെട്ടിരുന്നു. നേരത്തെ കിരൺ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ജോലി ചെയ്തിരുന്നു. ഈ സമയം അവിടെ വിജിലൻസ് പരിശോധന നടത്തിയിരുന്നു.

ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ അന്വേഷണം. അന്നു ചെക്ക്‌പോസ്റ്റിൽ ജോലിയിലായിരിക്കെ വഴിവിട്ട സഹായങ്ങൾ ചെയ്ത് കിരൺ പണം സമ്പാദിച്ചുവെന്നാണ് വിജിലൻസിന് ലഭിച്ച വിവരം. വിജിലൻസ് നടത്തിയ പരിശോധനയിൽ കിരണിനെതിരെ ചില വിവരങ്ങൾ ലഭിച്ചിരുന്നു.

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ വിജിലൻസ് അന്വേഷണം നടത്തുന്നത്. കിരണിന്റെ ബാങ്ക് അക്കൗണ്ടുകളിൽ വന്ന പണത്തിന്റെ ഉറവിടവും അന്വേഷിക്കുന്നുണ്ട്. ന്യൂജനറേഷൻ ബാങ്കുകളിൽ കിരണിനുള്ള അക്കൗണ്ടുകളും പരിശോധിക്കും.

നേരത്തെ കിരൺ കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർടിഒയിൽ ആയിരിക്കെ പല സ്‌പെഷ്യൽ ഡ്രൈവുകളുടെയും വിവരങ്ങൾ ചോർത്തി നൽകി പണം വാങ്ങിയിരുന്നതായി ആക്ഷപമുയർന്നിരുന്നു. ഇക്കാര്യവും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.