തിരുവനന്തപുരം: ചരിത്രം തിരുത്തി സംസ്ഥാനത്ത് വനിതാ പോലീസ് മേധാവിക്ക് സാധ്യത തെളിഞ്ഞു. സംസ്ഥാന ഡിജിപി നിയമന പട്ടികയിൽ നിന്ന് യുപിഎസ് സി ടോമിൻ ജെ തച്ചങ്കരിയെ ഒഴിവാക്കിയതോടെയാണ് അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി സന്ധ്യയ്ക്ക് സാധ്യത തെളിയുന്നത്. സിപിഎം നേതാക്കളുമായുള്ള അടുപ്പവും സന്ധ്യയുടെ സാധ്യത കൂട്ടുന്നു.
കേരളത്തിൻ്റെ ചരിത്രത്തിൽ ഒരു വനിത പോലീസ് മേധാവി ഉണ്ടായിട്ടില്ല. ഇതു വരെ 33 പേരാണ് സംസ്ഥാന പോലീസ് മേധാവിയായിട്ടുള്ളത്. എല്ലാവരും പുരുഷൻമാരായിരുന്നു. ബി സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും.
ഇതാദ്യമായാണ് ഒരു വനിതയെ ക്രമസമാധന ചുമതലയുള്ള ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
ഈ വർഷമാണ് ഡിജിപി നിയമനത്തിന് പുതിയ തെരഞ്ഞെടുപ്പ് സംവിധാനം നിലവിൽ വന്നത്. യുപിഎസ് സി പട്ടികയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഡിജിപിയാവും ബെഹ്റയുടെ പിൻഗാമി. സുധേഷ് കുമാര്‍, ബി സന്ധ്യ, അനില്‍ കാന്ത് എന്നിങ്ങനെ മൂന്നുപേരാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരിൽ ഒരാളെ സംസ്ഥാന സർക്കാർ പോലീസ് മേധാവിയായി പരിഗണിക്കാനാണ് സാദ്ധ്യതയുളളത്. വ്യാഴാഴ്ച ഡെല്‍ഹിയില്‍ ചേര്‍ന്ന യുപിഎസ് സി യോഗത്തിലാണ് പട്ടിക തയ്യാറാക്കിയത്.
ടോമിന് തച്ചങ്കരി ഉള്‍പ്പെടെ ഒമ്പത് പേരുടെ പട്ടികയാണ് കേരളം കൈമാറിയിരുന്നത്. ഇതിൽ നിന്ന് ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും പങ്കെടുത്ത യോഗം മൂന്ന് പേരെ തെരഞ്ഞെടുക്കുകയായിരുന്നു. യുപിഎസ്സിയ്ക്ക് സംസ്ഥാന സർക്കാർ നൽകിയ 12 പേരുടെ പട്ടികയിൽ നിന്നും 30 വർഷത്തെ സർവ്വീസ് കാലാവധി പൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് പേരെ നേരത്തേ ഒഴിവാക്കിയിരുന്നു. പിന്നാലെ ഒൻപത് പേരുടെ പട്ടികയാണ് സംസ്ഥാനം സമർപ്പിച്ചത്.
ഇപ്പോഴത്തെ നിലയിൽ സന്ധ്യയ്ക്കാകും സാധ്യതയെന്ന് സൂചനയുണ്ട്.
1988 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥയാണ് ബി. സന്ധ്യ. പാലക്കാട് സ്വദേശിയായ സന്ധ്യ ആലപ്പുഴ സെന്റ് ആന്റണീസ് ഹൈസ്കൂൾ, ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ, പാലാ അൽഫോൻസാ കോളജ് എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തികരിച്ചു. തുടർന്ന് സുവോളജിയിൽ ഫസ്റ്റ്ക്ലാസ്സിൽ റാങ്കോടെ എം.എസ്.സി ബിരുദം നേടുകയും ഓസ്ട്രേലിയയിലെ വുളോംഗ്ഗോംഗ് യൂണിവേഴ്സിറ്റിയിൽ നിന്നും ഹ്യൂമെൻ റിസോഴ്സസ് മാനേജ്മെന്റിൽ പരിശീലനവും, ബിർലാ യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡിയും സന്ധ്യ കരസ്ഥമാക്കി.
1988 ൽ ഇന്ത്യൻ പൊലീസ് സർവീസിൽ സേവനമാരംഭിച്ചു. തൃശൂർ, കൊല്ലം ജില്ലകളിൽ സൂപ്രണ്ട്, കണ്ണൂരിൽ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് എന്നീ നിലകളിലും കണ്ണൂർ, ഷൊർണ്ണൂർ, ആലത്തൂർ എന്നിവിടങ്ങളിൽ എ.എസ്.പി. യായും ഫയർ ഫോഴ്സ് മേധാവിയായും പ്രവർത്തിച്ചു.
രണ്ടു നോവലുകൾ ഉൾപ്പടെ ഒൻപതു സാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താരാട്ട് (കവിതാസമാഹാരം), ബാലവാടി (കവിതാസമാഹാരം),സ്ത്രീശക്തി (വൈജ്ഞ്ഞാനികഗ്രന്ഥം),റാന്തൽവിളക്ക്,നീർമരുതിലെ ഉപ്പൻ, നീലക്കൊടുവേലിയുടെ കാവൽക്കാരി,കൊച്ചുകൊച്ച് ഇതിഹാസങ്ങൾ തുടങ്ങിയ സന്ധ്യയുടെ കൃതികളിൽ പെടുന്നു. ‘ഹല്ലേലൂയ’ എന്ന ചിത്രത്തിന് വേണ്ടി ഗാനങ്ങളെഴുതിക്കൊണ്ട് ചലച്ചിത്രഗാനരംഗത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട് സന്ധ്യ.