‘അനുഭവിച്ചോളു’ എന്ന്​ പറഞ്ഞത്​ മോശം അർഥത്തിലല്ല; ക്ഷുഭിതയായി ജോസഫൈൻ

കൊല്ലം: പരാതി പറയാൻ വിളിച്ച യുവതിയോട് നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി വനിത കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ.​ ‘അനുഭവിച്ചോളു’ എന്ന്​ പറഞ്ഞത്​ മോശം അർഥത്തിലല്ലെന്ന്​ ജോസഫൈൻ പറഞ്ഞു. പൊലീസിൽ പരാതിപ്പെടേണ്ട കേസായിരുന്നു അത്​. അതിനാലാണ്​ അങ്ങനെ പറഞ്ഞതെന്നും അധ്യക്ഷ വ്യക്​തമാക്കി.

പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന വാര്‍ത്ത ജോസഫൈന്‍ നേരത്തെ നിഷേധിച്ചിരുന്നു. അങ്ങനെ പെരുമാറിയിട്ടില്ലെന്നും, ആരോപണം നിഷേധിക്കുകയാണെന്നും ജോസഫൈന്‍ പറഞ്ഞു. ഞാനും ഒരു സാധാരണ സ്ത്രീയാണ്. പൊലീസില്‍ പരാതി കൊടുക്കൂ എന്നാണ് പറഞ്ഞത്. അല്ലാതെ തെറിയൊന്നും പറഞ്ഞിട്ടില്ലെന്ന് ജോസഫൈന്‍ പറഞ്ഞു.

പരാതി നല്‍കിയില്ലെങ്കില്‍ അനുഭവിച്ചോളൂ എന്നു താന്‍ പറഞ്ഞിട്ടില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി. പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയാണ് ചെയ്തത്. അത് പൊലീസ് സ്‌റ്റേഷനില്‍ പോകേണ്ട പരാതിയാണ്. കൊടുക്കാതിരുന്നത് ശരിയായില്ല എന്നാണ് പറഞ്ഞത്. തികഞ്ഞ ആത്മാര്‍ത്ഥതയോടെ, സത്യസന്ധതയോടെയാണ് താന്‍ പറഞ്ഞതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ജോസഫൈന്‍ വ്യക്തമാക്കി.

പരാതി നല്‍കിയില്ലെങ്കില്‍ അനുഭവിച്ചോളൂ എന്ന് പറഞ്ഞതായി വീഡിയോ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, അങ്ങനെ പല വീഡിയോയും വരുമെന്നായിരുന്നു മറുപടി. ഞങ്ങളും പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരായിട്ടാണ് മുന്നോട്ടുപോകുന്നത്. അത്രയേറെ സ്ത്രീകളാണ് പരാതികളുമായി വിളിക്കുന്നത്.

ഒരു സ്ത്രീക്ക് അസഹ്യമായ അനുഭവം ഭര്‍ത്താവില്‍ നിന്നോ, ആരില്‍ നിന്നോ ഉണ്ടായാലും പെട്ടെന്ന് ഓടിയെത്താന്‍ വനിതാ കമ്മീഷന് കഴിയില്ല. പൊലീസില്‍ പരാതി നല്‍കിയാല്‍ അതിന് ഒരു ബലമുണ്ടാകും. എല്ലാ പരാതിക്കാരോടും പറയുന്ന കാര്യമാണിത്. സാധാരണക്കാരും യഥാവിധിയല്ല കാര്യങ്ങള്‍ കേട്ടുമനസ്സിലാക്കുന്നതും തിരിച്ചു പറയുന്നതും. അപ്പോള്‍ ചിലപ്പോ ഉറച്ചഭാഷയില്‍ സംസാരിച്ചിട്ടുണ്ടാകുമെന്നും ജോസഫൈന്‍ പറഞ്ഞു

ഭീഷണിയും പ്രകോപനവും അല്ല വേണ്ടത്​. തന്നെ നിയമിച്ചത്​ യൂത്ത്​ കോൺഗ്രസല്ല. സർക്കാരിന്​ എന്ത്​ തീരുമാനവും എടുക്കാമെന്നും അവർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ ക്ഷുഭിതയായാണ്​ ജോസഫൈൻ പ്രതികരിച്ചത്​.

സ്വകാര്യ ചാനലിലെ ലൈവ്​ ഷോയിൽ ഗാർഹികപീഡന പരാതി പറഞ്ഞ യുവതിയോടുള്ള ജോസഫൈൻ്റെ പ്രതികരണമാണ്​ വിവാദമായത്​. യുവതി സംസാരിച്ച്‌ തുടങ്ങിയതു മുതൽ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷൻ അധ്യക്ഷ പെരുമാറിയത്.2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്നുവെന്നും കൊച്ചിയിൽ നിന്ന് വിളിച്ച യുവതി പരാതി പറഞ്ഞു.

ഭർത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോൾ എന്ത് കൊണ്ട് പൊലീസിൽ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈൻ ചോദിച്ചു. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞപ്പോൾ ‘എന്നാൽ പിന്നെ അനുഭവിച്ചോ’ എന്നായിരുന്നു എം.സി ജോസഫൈൻ്റെ പ്രതികരണം.

കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീൽ വഴി കുടുംബ കോടതിയെ സമീപിക്കണമെന്ന് പിന്നീട് ജോസഫൈൻ യുവതിയോട് പറഞ്ഞു. വനിതാ കമ്മീഷനിൽ വേണേൽ പരാതിപ്പെട്ടോ എന്നുമായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണം. വളരെ അസഹിഷ്ണുതയോടെയാണ് എം സി ജോസഫൈന്‍ പരാതിക്കാരിയായ സ്ത്രീയോട് പെരുമാറിയത്. ഈ സംഭവത്തിനാണ് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ്റെ ന്യായീകരണം.