ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷൻ അടുത്ത ആഴ്ച; ഇനി ചർച്ചയില്ല; ഏകദേശ ധാരണയായി; എഎൻ രാധാകൃഷ്ണൻ പ്രസിഡൻ്റാകും

കൊച്ചി: ഗ്രൂപ്പ് പോരിൻ്റെയും നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയുടെയും കുഴൽപ്പണ വിവാദങ്ങളുടേയും പശ്ചാത്തലത്തിൽ ബിജെപി സംസ്ഥാന ഘടകത്തിൽ വൻ അഴിച്ചുപണിക്കൊരുങ്ങി കേന്ദ്ര നേതൃത്വം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മാറ്റി പുതിയ സംസ്ഥാന അധ്യക്ഷനായി എഎൻ രാധാകൃഷ്ണനെ നിയമിക്കുന്ന കാര്യത്തിൽ ഏകദേശ ധാരണയായി. എംടി രമേശിൻ്റെ പേരും പരിഗണനയിലുണ്ടെങ്കിലും രാധാകൃഷ്ണന് തന്നെയാണ് കൂടുതൽ സാധ്യത.

അധ്യക്ഷൻ്റെ കാര്യത്തിൽ ഇനി സംസ്ഥാന നേതാക്കളുമായി ചർച്ചയില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ആഴ്ച ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകും. ബിജെപിയിലെ കൃഷ്ണദാസ് പക്ഷം ഇതോടെ മേൽക്കൈ നേടും. പി കെ കൃഷ്ണദാസ്‌ പക്ഷത്തെ ശക്തനാണ്‌ രാധാകൃഷ്ണൻ. കോർകമ്മിറ്റിയിൽ ഉൾപ്പെടുത്താതെ മുരളീധരപക്ഷം അദ്ദേഹത്തെ മാറ്റി നിർത്തിയിരിക്കുകയായിരുന്നു. ഒടുവിൽ കേന്ദ്രം ഇടപെട്ടാണ്‌ ഉൾപ്പെടുത്തിയത്‌.

വിവാദ വിഷയങ്ങളിൽ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാൻ കെ സുരേന്ദ്രന് കഴിയാതെ വന്നതോടെയാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ നീക്കുന്നത്. സുരേന്ദ്രനെ ദേശീയ തലത്തിൽ മറ്റെതെങ്കിലും ചുമതലകളിലേക്ക് മാറ്റുമെന്നാണ് സൂചന. കെ സുരേന്ദ്രനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ സ്ഥാനമാറ്റ നടപടികൾ.

സംസ്ഥാനത്ത് പാർട്ടിക്കുണ്ടായ പേരുദോഷം ഒഴിവാക്കാനാണ് ദേശീയ നേതൃത്വം ഇപ്പോൾ ശ്രമിക്കുന്നത്. വിവാദ വിഷയങ്ങളിൽ നിയമപരമായി നടപടികൾ നേരിടുന്നത് വരെ കെ സുരേന്ദ്രന് അധ്യക്ഷസ്ഥാനത്ത് ഉപാധികളോടെ തുടരാം എന്നതായിരുന്നു ദേശീയ നേതൃത്വം മുന്നോട്ട് വച്ച നിർദേശം. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് എതിർവിഭാഗം.

ഉപാധികളോടെ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിനോട് മുരളീധരവിരുദ്ധ വിഭാഗം പ്രതിഷേധമറിയിച്ചിരുന്നു. കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ്- ബിജെപി നേതൃയോഗത്തിലും സംസ്ഥാന ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബിജെപി നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ പിടിയിലാണെന്നും ആര്‍എസ് എസ് വിലയിരുത്തി.

തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തിന് സംസ്ഥാന നേതൃത്വവും ഉത്തരവാദികളാണ്. കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ കൃത്യമായി ജനങ്ങളില്‍ എത്തിക്കാനോ ശക്തമായ പ്രചാരണം നടത്താനോ ബിജെപിക്ക് കഴിഞ്ഞില്ലെന്നും ആര്‍എസ്എസ് യോഗത്തില്‍ ചൂണ്ടിക്കാട്ടി.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ അനാവശ്യ തര്‍ക്കങ്ങളും വീഴ്ചകളും തെരഞ്ഞെടുപ്പില്‍ കോട്ടമുണ്ടാക്കിയെന്നും പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് അടിസ്ഥാന കാരണം നേതാക്കളുടെ വിഭഗീയതയാണെന്നും ആര്‍എസ്എസ് പറഞ്ഞു.
കോർകമ്മിറ്റിയംഗവും വൈസ്‌ പ്രസിഡന്റുമായ എ എൻ രാധാകൃഷ്ണനെയാണ്‌ അധ്യക്ഷസ്ഥാനത്തേക്ക്‌ പരിഗണിക്കുന്നതിൽ പ്രമുഖൻ‌. പുറമെ നിന്നൊരാളെ അധ്യക്ഷനായി പരീക്ഷിക്കണോയെന്നും ആലോചനയുണ്ട്‌.

അടുത്ത്‌ നടക്കാനിരിക്കുന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ പുറത്താകാൻ സാധ്യതയുള്ളതിനാൽ വീണ്ടും പാർട്ടി അധ്യക്ഷനാകാനുള്ള ശ്രമം വി മുരളീധരനും തുടങ്ങി. ഞായറാഴ്‌ച ചേർന്ന കോർകമ്മിറ്റിയിൽ രാധാകൃഷ്ണനും കൃഷ്ണദാസും എം ടി രമേശും ശക്തമായ ആക്രമണമാണ്‌ സുരേന്ദ്രനും മുരളീധരനുമെതിരെ നടത്തിയത്‌.

കുഴൽപ്പണ കേസ്‌ പാർട്ടിക്ക്‌ ദേശീയ തലത്തിൽവരെ നാണക്കേടുണ്ടാക്കിയെന്നാണ്‌ വിലയിരുത്തൽ. ദേശീയ മാധ്യമങ്ങളിലും സംഘപരിവാർ സോഷ്യൽമീഡിയ ഗ്രൂപ്പുകളിലും കേരളത്തിലെ സംഭവം ചർച്ചയാണ്‌.