കൊച്ചി: എംസി ജോസഫൈൻ വനിത കമ്മീഷൻ അദ്ധ്യക്ഷ പദവിയിലിരുന്ന് സർക്കാരിൽ നിന്ന് കൈപ്പറ്റിയത് അരക്കോടിയിലേറെ രൂപ. ചുമതലയേറ്റ 2017 മുതൽ ഇക്കഴിഞ്ഞ ഫെബ്രുവരി എട്ട് വരെയുള്ള നാലു വർഷത്തെ കണക്കുപ്രകാരമാണ് ഇത്. കണക്ക് വിശദമാക്കിയുള്ള വിവരാവകാശരേഖ പുറത്തുവന്നിട്ടുണ്ട്. ഓണറേറിയം ഉള്‍പ്പടെയാണ് അരക്കോടി.
കണക്ക് പ്രകാരം ആകെ 5,346,279 രൂപയാണ് ജോസഫൈൻ കഴിഞ്ഞ നാല് വർഷക്കാലയളവില്‍ സര്‍ക്കാരില്‍ നിന്ന് സ്വീകരിച്ചത്. അഞ്ചിനത്തിലായാണ് എം.സി ജോസഫൈന്‍ പണം സ്വീകരിച്ചിരിക്കുന്നത്. ഓണറേറിയമായി 34,40,000 രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. യാത്ര ചെലവിനത്തില്‍ ഒപ്പിട്ട് വാങ്ങിയത് 13,54,577 രൂപയും ടെലഫോണ്‍ ചാര്‍ജായി 68,179 രൂപയും എക്‌സ്പര്‍ട്ട് ഫീ ഇനത്തില്‍ 2,19,000 രൂപയും മെഡിക്കല്‍ റീം ഇംപേഴ്‌സ്‌മെന്റായി 2,64,523 രൂപയുമാണ് കൈപ്പറ്റിയിരിക്കുന്നത്.
അനുഭവം പറഞ്ഞ് വിളിച്ചവരോട് അസഹ്യമായി ഇടപെട്ടതിന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവിയിൽ നിന്ന് ജോസഫൈനെ മാറ്റണമെന്ന ആവശ്യം ഉയരുന്നതിനിടയിലാണ് ഈ കണക്കുകളും പുറത്തുവരുന്നത്. പൊതുജനത്തിന് 10 പൈസയുടെ പ്രയോജനമില്ലാത്തവർക്ക് വേണ്ടി എന്തിന് ലക്ഷങ്ങൾ ചിലവഴിക്കണമെന്ന ചോദ്യവും ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. സാധാരണക്കാർ മുണ്ടുമുറുക്കി ജീവിക്കണമെന്ന് മുഖ്യമന്ത്രി വൈകുന്നേരങ്ങളിൽ ഉപദേശിക്കുമ്പോഴാണ് ഇത്രയും വലിയ തുക വനിതാ കമ്മീഷൻ അദ്ധ്യക്ഷ മാത്രം കൈപ്പറ്റിയത്.