കലഞ്ഞൂരിൽ തോട്ടത്തില്‍നിന്നു സ്‌ഫോടകവസ്‌തു കണ്ടെടുത്ത സംഭവത്തിൽ ശക്തമായ തീവ്രവാദി ബന്ധം; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

പത്തനംതിട്ട : കലഞ്ഞൂര്‍ പാടം വനത്തിനു സമീപമുള്ള കശുമാവിന്‍ തോട്ടത്തില്‍നിന്നു സ്‌ഫോടകവസ്‌തു കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം എന്‍.ഐ.എ. ഏറ്റെടുത്തു. തീവ്രവാദവിരുദ്ധ സ്‌ക്വാഡിനോടൊപ്പം കഴിഞ്ഞ ഏതാനും ദിവസമായി പാടം മേഖലയില്‍ ക്യാമ്പ്‌ ചെയ്‌ത്‌ അന്വേഷണം വിലയിരുത്തുകയായിരുന്നു എന്‍ഐഎ സംഘം.

സ്‌ഫോടക വസ്‌തുക്കള്‍ക്കു പിന്നില്‍ തീവ്രവാദ സംഘമുണ്ടെന്നു വ്യക്‌തമായിട്ടുണ്ട്‌. കൂടാതെ ഇവിടെ നടന്നുവെന്ന കരുതുന്ന ക്യാമ്പില്‍ സംസ്‌ഥാനത്തിന്‌ പുറത്തുനിന്നുള്ളവര്‍ പങ്കെടുത്തെന്നു തെളിഞ്ഞതോടെയാണ്‌ അന്വേഷണം തമിഴ്‌നാട്ടിലേക്കു വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്‌. ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണം തുടരും.

യു.പിയില്‍ പടിയിലായ മലയാളികള്‍ അടക്കമുള്ള തീവ്രവാദ സംഘത്തെ മഥുര ജയിലില്‍ ചോദ്യം ചെയ്‌തപ്പോഴാണു കലഞ്ഞൂര്‍ പാടം വനത്തിനോട്‌ ചേര്‍ന്നു നടന്ന ക്യാമ്പിനെപ്പറ്റി വിവരം ലഭിച്ചത്‌. ഇക്കാര്യം സംസ്‌ഥാന ആഭ്യന്തര മന്ത്രാലയത്തെ യു.പി പോലീസ്‌ അറിയിച്ചെങ്കിലും തുടക്കത്തില്‍ അന്വേഷണം മന്ദഗതിയിലായിരുന്നു.

അതിനിടെ, തമിഴ്‌നാട്‌ ക്യൂ ബ്രാഞ്ചും പാടത്തെത്തി അന്വേഷണം നടത്തി. തുടര്‍ന്നാണ്‌ ഒന്നരയാഴ്‌ച മുമ്പ്‌ കശുമാവ്‌ തോട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ജലാറ്റിന്‍ സ്‌റ്റിക്കുകള്‍ കണ്ടെത്തിയത്‌. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ഒരു കമ്പനി നിര്‍മിച്ച സണ്‍-90 ബ്രാന്‍ഡ്‌ ജലാറ്റിന്‍ സ്‌റ്റിക്കുകളാണിവ.

എന്നാല്‍, ബാച്ച്‌ നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കാണ്‌ ഇവ കൈമാറിയതെന്ന്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ തൃച്ചിയിലുള്ള കമ്പനിയുമായി വൈകാതെ എന്‍.ഐ.എ അധികൃതര്‍ ബന്ധപ്പെടും. രണ്ട്‌ സ്‌റ്റിക്കുകള്‍, ആറ്‌ ബാറ്ററികള്‍, വയറുകള്‍, ഇവ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന പശ എന്നിവയാണ്‌ ഇതുവരെ കണ്ടെത്തിയത്‌.

കഴിഞ്ഞ ദിവസം പാടത്തുനിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്കിന്റെ സ്‌പെയര്‍പാര്‍ട്‌സുകള്‍ കണ്ടെത്തിയിരുന്നു. ഈ വാഹനത്തെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്‌. ഇതിനിടെയാണ്‌ കോന്നി കൊക്കാത്തോട്‌ വയക്കര വനത്തില്‍നിന്നു കഴിഞ്ഞ ദിവസം 90 ജലാറ്റിന്‍ സ്‌റ്റിക്കുകള്‍ കണ്ടെത്തിയത്‌. പാടത്തുനിന്നും വയക്കര വനമേഖലയിലേക്ക്‌ അഞ്ചു കി.മീറ്റര്‍ മാത്രമാണ്‌ ദൂരം. പാടത്തുനിന്നു ലഭിച്ച സണ്‍-90 ബ്രാന്‍ഡ്‌ ജെലാറ്റിന്‍ സ്‌റ്റിക്കുകളാണിവ. ഈ രണ്ട്‌ സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നാണ്‌ അധികൃതര്‍ പറയുന്നത്‌.

പാടം മേഖലയില്‍ പുറത്തുനിന്ന്‌ എത്തിയവരുടെ സാന്നിധ്യം അടുത്തകാലത്ത്‌ കൂടുതലായിരുന്നുവെന്ന്‌ പ്രദേശവാസികളില്‍നിന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക്‌ വിവരം ലഭിച്ചിട്ടുണ്ട്‌. എന്നാല്‍, നല്ലൊരു വിഭാഗം ആളുകളും അന്വേഷണത്തോട്‌ സഹകരിക്കുന്നില്ല. ഇത്‌ ആദ്യമായല്ല ഈ മേഖല കേന്ദ്രീകരിച്ച്‌ ക്യാമ്പുകള്‍ നടക്കുന്ന വിവരം പുറം ലോകം അറിയുന്നത്‌. പതിനൊന്നു വര്‍ഷം മുമ്പ്‌ ഇത്തരത്തില്‍ വാര്‍ത്ത പരന്നിരുന്നു.