പുന:സംഘടനാ മാനദണ്ഡങ്ങൾ ചർച്ച ചെയ്യും; കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്ന്

തിരുവനന്തപുരം: കെ സുധാകരൻ അധ്യക്ഷനായി അധികാരമേറ്റതിന്ശേഷമുള്ള ആദ്യ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് ചേരും. യോഗത്തിൽ കെപിസിസി, ഡിസിസി പുന: സംഘടനാ മാനദണ്ഡങ്ങൾ ചർച്ച ചെയ്യും. ജംബോ കമ്മറ്റികൾ വേണ്ടെന്ന നിലപാടാണ് സുധാകരനും വി ഡി സതീശനുമുള്ളത്.

നിലവിലെ എല്ലാ ഡിസിസി പ്രസിഡന്റുമാരെയും ഒഴിവാക്കുമോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചയാകും. രാഹുൽഗാന്ധിയുമായി നേതാക്കൾ നടത്തിയ ചർച്ചക്ക് ശേഷമാണ് രാഷ്ട്രീയകാര്യസമിതി ചേരുന്നത്. വൈകിട്ട് മൂന്നിന് കെപിസിസി ഓഫീസിലാണ് യോഗം.

മരംമുറികേസിലെ സമരപരിപാടികളും സമിതി തീരുമാനിക്കും. ബ്രണ്ണൻ വിവാദത്തിൽ സുധാകരന് യോഗം പിന്തുണ പ്രഖ്യാപിച്ചേക്കും. പിണറായി നിർത്തിയതോടെ വിവാദം അവസാനിപ്പിക്കണമെന്ന് നേതാക്കളുടെ അഭിപ്രായം. ഇക്കാര്യത്തിൽ സുധാകരന്റെ നിലപാട് നിർണ്ണായകമാണ്. രാഷ്ട്രീയകാര്യസമിതിയുടെ പുനസംഘടനയും ചർച്ചയാകും.