കൊറോണ ചികിത്സ; ആശുപത്രികള്‍ക്ക് മുറി വാടക നിശ്ചയിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് വിലക്കി ഹൈക്കോടതി

കൊച്ചി: കൊറോണ ചികില്‍സയ്ക്ക് മുറികളുടെ നിരക്കുകള്‍ ആശുപത്രികള്‍ക്ക് സ്വയം നിശ്ചയിക്കാമെന്ന ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. മുറികളുടെയും സ്യൂട്ടുകളുടെയും നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കരുതെന്നും കോടതി ഉത്തരവിട്ടു.

ആശുപത്രികള്‍ക്ക് ചെറിയ ഇളവുകള്‍ നല്‍കാം. എന്നാല്‍ മുറിവാടക നിശ്ചയിക്കുന്നത് ആശുപത്രികളുടെ ഇഷടത്തിന് അനുസരിച്ച് വിട്ട് നല്‍കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പരിഷ്‌കരിച്ച ഉത്തരവ് ആദ്യ ഉത്തരവിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ ഇല്ലാതാക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ ഭാരവും കോടതിയുടെ ചുമലില്‍ വയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലന്നും
കോടതി വ്യക്തമാക്കി.

കൊറോണ ചികിത്സയ്ക്ക് മുറിവാടക ആശുപത്രികള്‍ക്ക് നേരിട്ട് നിശ്ചയിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.
വാര്‍ഡിലും ഐസിയുവിലും ചികിത്സയില്‍ കഴിയുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ അംഗങ്ങളില്‍നിന്നുമാത്രം സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ച നിരക്ക് ഈടാക്കാമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

സര്‍ക്കാര്‍ നിശ്ചയിച്ച ചികിത്സാ നിരക്കിന്റെ പരിധിയില്‍നിന്ന് മുറികളെ ഒഴിവാക്കിയത് ഗൗരവതരമാണെന്നും കോടതി നിരീക്ഷിച്ചു. പരിഷ്‌കരിച്ച ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.

ചികില്‍സാ നിരക്ക് നിയന്ത്രിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് സിംഗിള്‍ ബെഞ്ച് ശരിവച്ചതിനെതിരെ സ്വകാര്യ ആശുപത്രികളുടെ സംഘടന സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവ് കോടതിയുടെ മുന്‍ ഉത്തരവ് മറികടക്കാന്‍ ശ്രമിക്കുന്നതാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.

കോടതി വമര്‍ശനത്തിന് പിന്നാലെ ഉത്തരവില്‍ അവ്യക്തയുണ്ടെന്ന് സമ്മതിച്ച സര്‍ക്കാര്‍ ഇത് തിരുത്തി പുതിയ ഉത്തരവ് ഇറക്കാമെന്ന് കോടതിയെ അറിയിച്ചു. അടുത്തയാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.