അർച്ചനയുടെ മരണം; കസ്റ്റഡിയിലെടുത്ത ഭർത്താവിനെ വിട്ടയച്ചു: ആംബുലൻസ് കുറുകെയിട്ട് ബന്ധുക്കളുടെ പ്രതിഷേധം

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ആരോപിച്ച്‌ ബന്ധുക്കളുടെ പ്രതിഷേധം. ആത്മഹത്യ ചെയ്ത അർച്ചനയുടെ മൃതദേഹം കൊണ്ടുവന്ന ആംബുലൻസ് വിഴിഞ്ഞം – തിരുവനന്തപുരം റോഡിൽ കുറുകെ ഇട്ടുകൊണ്ടായിരുന്നു ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്.

വെങ്ങാനൂർ സ്വദേശി അർച്ചനയുടെ മരണത്തിൽ ഭർത്താവിന് പങ്കുണ്ടെന്ന ആക്ഷേപം ആണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത സുരേഷിനെ രാത്രി തന്നെ വിട്ടയച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ബന്ധുക്കളുടെ നടപടി. വീട്ടിൽ ഡീസലൊഴിച്ച്‌ തീ കൊളുത്തി പൊള്ളലേറ്റ നിലയിലാണ് കഴിഞ്ഞ ദിവസം അർച്ചനയെ കണ്ടെത്തിയത്. വീട്ടിൽവച്ച്‌ തന്നെ അർച്ചന മരിച്ചിരുന്നു. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച്‌ മരണം സ്ഥിരീകരിച്ചു.

അർച്ചനയുടേത് ആത്മഹത്യ അല്ലെന്ന നിലപാടിലാണ് ബന്ധുക്കൾ. അർച്ചനയുടെയും സുരേഷിന്റെയും പ്രണയവിവാഹമായിരുന്നു. സുരേഷിനൊപ്പം ഇറങ്ങിപ്പോയ അർച്ചനയെ പിന്നീട് വീട്ടുകാർ ഇടപെട്ട് രണ്ടുപേരുടെയും വിവാഹം നടത്തികൊടുത്തത്. അർച്ചനയും ഭർത്താവ് സുരേഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. നഴ്സിംഗ് കോഴ്സ് പാസ്സായ അർച്ചനയെ റജിസ്റ്റർ ചെയ്യാനോ ജോലി ചെയ്യാൻ വിടാനോ സുരേഷ് തയ്യാറായിരുന്നില്ല.

പ്രശനങ്ങളുണ്ടെന്ന് അറിഞ്ഞ വീട്ടുകാർ അർച്ചനയെ കാണാൻ ഭർതൃവീട്ടിൽ എത്തിയപ്പോഴൊക്കെ യുവതി കരച്ചിലായിരുന്നു. പ്രശ്നങ്ങളെല്ലാം താൻ തന്നെ പരിഹരിച്ചോളാമെന്ന് അർച്ചന അപ്പോഴെല്ലാം പറയുമെന്നും അർച്ചനയുടെ അച്ഛൻ പറയുന്നു.